പ്രശാന്ത് കിഷോറിന്റെ വാശി ജയിച്ചു; യുപിയില്‍ ഷീലാ ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

sheiladikshitന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നയിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധി യു.പിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജാതി സമവാക്യങ്ങള്‍ ഭാഗധേയം നിര്‍ണയിക്കുന്ന യു.പിയില്‍ ബ്രാഹ്മണ സമുദായംഗമായ ഷീലാ ദീക്ഷിതിന് വലിയൊരു പങ്ക് വഹിക്കാനാവുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഷീലാ ദീക്ഷിതിനെ മുന്നില്‍ നിറുത്തി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നും കിഷോര്‍ വാശി പിടിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മരുമകളാണ് ഷീല. മൂന്നു തവണ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിച്ച പരിചയവും ഷീലയ്ക്ക് തുണയായി.കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ആയിരുന്ന ബ്രാഹ്മണ സമുദായം തര്‍ക്ക മന്ദിര്‍  മണ്ഡല്‍ വിവാദത്തോടെയാണ് ബി.ജെ.പി പക്ഷത്തേക്ക് ചുവട് മാറിയത്. ഇത് തിരിച്ച് പിടിക്കാന്‍ കൂടിയാണ് ഷീലയെ കളത്തിലിറക്കുന്നത്. മുന്‍പ് മായാവതിയുടെ ബി.എസ്.പി, സമുദായത്തിന് സീറ്റ് നല്‍കിയിരുന്നപ്പോള്‍ സമുദായത്തിന്റെ പിന്തുണയോടെ അവര്‍ ഒട്ടേറെ സീറ്റുകളില്‍ ജയിച്ചിരുന്നു. ഇപ്പോഴും ബ്രാഹ്മണ വോട്ടുകള്‍ പല സീറ്റുകളിലെ ഫലങ്ങളെ സ്വാധീനിക്കും.2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായിരുന്നത്.

You must be logged in to post a comment Login