പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം; സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിം കോടതി

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം; സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിം കോടതി

ശബരിമല യുവതീ പ്രവേശനത്തില്‍‍ വ്യക്തത വരുത്താതെ സുപ്രീം കോടതി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു. പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം.

എന്നാല്‍ പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പോകുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ല. ശബരിമലയില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ‍്ഡെ നിരീക്ഷിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ ബഞ്ചിന് വിട്ടതാണല്ലോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ‌ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അതേസമയം നേരത്തെ ജസ്റ്റിസ് ഫാലി എസ് നരിമാന്‍ വിധി നിലനില്‍ക്കുന്നതാണെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ‌ശബരിമല ആചാര സംരക്ഷണ സമിതി നല്‍കിയ തടസഹരജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

You must be logged in to post a comment Login