പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍; കോണ്‍ഗ്രസ് നയം കുടുംബത്തെ പ്രോത്സാഹിപ്പിക്കല്‍ ആണെന്ന് ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് നയം കുടുംബത്തെ പ്രോത്സാഹിപ്പിക്കലാണ്. രാഹുലിന്റെ നേതൃത്വത്തിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമവക്താവ് ബാബുൽ സുപ്രിയോ വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുന്നുള്ള പരസ്യപ്രഖ്യാപനമാണിത്. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കാതെ വന്നതാടോ ഒരു ഊന്ന് വടിയായിട്ടാണ് കുടുംബത്തില്‍ നിന്നും പ്രിയങ്കയെ കൊണ്ടു വന്നിരിക്കുന്നതെന്നും മറ്റൊരു ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു. ഗാന്ധി കുടുംബത്തിനപ്പുറം നോക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസിനില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ കുടുംബം തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നും സാംപിത് പത്ര പരിഹസിച്ചു.

1999-ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ ഉത്തര്‍പ്രദേശ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് പ്രിയങ്കയുടെ നിയമനം ചൂണ്ടിക്കാട്ടുന്നു.

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യു. പിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. യു.പിയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക നേരത്തെ തന്നെ ഇടപെടുന്നുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഭാരവാഹിയായി പ്രിയങ്കയുടെ വരവ് യു. പിയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ശുക്ല പറഞ്ഞു.

എസ്. പി, ബി. എസ്. പി സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തത് അണികളില്‍ ഉടലെടുത്ത നിരാശ മറികടക്കാനും ഈ നിയമനം സഹായിക്കും.

You must be logged in to post a comment Login