പ്രിയങ്കയുടെ സാമൂഹ്യ പ്രവര്‍ത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; നാലു വര്‍ഷത്തെ സഹായത്തിനു നന്ദി പറഞ്ഞ് ആശിഷ് യാദവും കുടുംബവും

ന്യൂ ഡല്‍ഹി: ഭിന്നശേഷിക്കാരനായ ആശിഷ് യാദവിനെ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സിക്കുന്നതും പരിചരിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്.  സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് താനൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുകയാണ് പ്രിയങ്ക. രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ തയ്യാറെടുക്കുയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിന്റെ തിരക്കിലാണെങ്കിലും തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്.

ദില്ലി ഔറഗസേബ് റോഡിലെ ചേരി പ്രദേശത്താണ് ആശിഷ് യാദവും കുടുംബവും താമസിക്കുന്നത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും പ്രിയങ്ക ആശിഷിനെ കാണാന്‍ വരാറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു. വീട്ടിലേക്ക് വരുകയും കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയും ആശിഷിന്റെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്താണ് തിരിച്ച് പോകാറുള്ളത്.

തിങ്കളാഴ്ച പ്രിയങ്ക ആശിഷിനേയും കുംടുംബത്തേയും കാണാന്‍ ഔറസേബ് റോഡിലെ വീട്ടിലെത്തിയിരുന്നു. തന്റെ മകന്റെ ചികിത്സയ്ക്കും മറ്റുമായി അകമഴിഞ്ഞ് സഹായിക്കുന്ന പ്രിയങ്കയെക്കുറിച്ച് പറയാന്‍ ആശിഷിന്റെ മാതാപിതാക്കള്‍ക്ക് നൂറ് നാവാണ്. മറ്റൊരു നേതാവും ഞങ്ങളുടെ വീട്ടില്‍ ഇതുവരെ വന്നിട്ടില്ല. എന്നാല്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സ്വന്തം കുടുംബത്തെ പോലെയാണ് തങ്ങളെ പരിചരിക്കുന്നതെന്നും സുഭാഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ദില്ലിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി നിര്‍ഭയയുടെ കുടുംബത്തിന് കൈത്താങ്ങായി എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. നിര്‍ഭയയുടെ സഹോദരന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത് രാഹുല്‍ ഗാന്ധിയാണ്. ഒരു പൈലറ്റ് ആകണമെന്നായിരുന്നു നിര്‍ഭയയുടെ സഹോദരന്റെ ആഗ്രഹം.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗ്രാമീണമേഖലയില്‍ നിന്ന് വോട്ടുപിടിക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ മാസം 23നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ കോണ്‍ഗ്രസ് നിയമിച്ചത്. 47 വയസ്സുകാരിയായ പ്രിയങ്ക ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്.

ഫെബ്രുവരി 4നാണ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉള്‍പ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടത്തെ ഹിന്ദുത്വ, സവര്‍ണ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മേഖലയില്‍ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുന്നത്.

You must be logged in to post a comment Login