പ്രിയങ്കയെ യുപിയിലിറക്കുന്നത് മോഡിക്കു തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍

prashant-rahul-priyankaഗീതു നായര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ച് വരവുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അതിനായി ഇപ്പോള്‍ കണ്ണും കാതും യു.പിയിലേക്ക് തിരിച്ച് വച്ചിരിക്കുകയാണ്. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയായി യു.പി തിരഞ്ഞെടുപ്പിനെ നയിക്കാന്‍ ഇറങ്ങുന്നത് പ്രിയങ്ക ഗാന്ധി തന്നെയെന്ന് മാധ്യമങ്ങള്‍ ഉറപ്പിക്കുമ്പോള്‍, ഈ തിരഞ്ഞെടുപ്പ് തന്ത്രത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ആരെന്നാണ് ഉറ്റുനോക്കുന്നത്. മോദിക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ അതേ പ്രശാന്ത് കിഷോര്‍ എന്ന ചാണക്യന്‍ തന്നെയാണ് ഇത്തവണ പ്രിയങ്കയ്ക്ക് വേണ്ടി ചരട് വലിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചായ് പേ ചര്‍ച്ചയും, നമോ ചായയും എന്ന് വേണ്ട പല തന്ത്രങ്ങളിലൂടെ മോഡി തരംഗം രാജ്യത്തെമ്പാടും ആളിക്കത്തിച്ചയാളാണ് പ്രശാന്ത് കിഷോര്‍. ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ പി.ആര്‍ ജോലിക്ക് പ്രത്യേകം ആളെ നിയോഗിക്കുകയാണ് പതിവ്. മോഡിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രശാന്തിനെ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിലും സുമുഖനായ ഈ പഴയ യു എന്‍ കാര്‍ഷിക വിദഗ്ദ്ധന്‍ ആയിരുന്നു. പിന്നീട് പ്രശാന്ത് 2012 ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടി പ്രശാന്ത് മോദിക്കൊപ്പം നിന്നപ്പോള്‍ ചരിത്രമെഴുതിയാണ് മോദി പ്രധാനമന്ത്രി കസേരയിലേക്ക് എത്തിയത്. സി എ ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്നു ഒരു ഗ്രൂപ്പ് ആണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ അതിനായി അഹോരാത്രം യത്‌നിച്ചത്. പഴയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് പകരം പുത്തന്‍ പുതിയ ന്യൂജെന്‍ തന്ത്രങ്ങളുമായി പ്രശാന്ത് എത്തിയപ്പോള്‍ താമര വിരിഞ്ഞത് ഇന്ത്യയിലെമ്പാടുമായിരുന്നു. അമിത് ഷാ പഴയ മട്ടില്‍ ഉള്ള തന്ത്രങ്ങളും , പ്രശാന്ത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആണ് ഉപയോഗിച്ചിരുന്നത് ..രണ്ടും തമ്മില്‍ പലപ്പോഴം അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു,
രാവും പകലും മോഡിയുടെ കൂടെ തന്നെ ആയിരുന്നു പ്രശാന്ത്.അദ്ദേഹം പാര്‍ട്ടി ബാഹ്യമായ ഒരു അധികാര കേന്ദ്രം ആയിരുന്നു .അത് ബിജെപിക്ക് അകത്തു പല അലോസരങ്ങളും ഉണ്ടാക്കി .അധികാരം ഏറ്റ ശേഷം പ്രശാന്ത് ബിജെപിയില്‍ ചേര്‍ന്നതുമില്ല .അത് കൊണ്ട് തന്നെ ഉചിതമായ സ്ഥാനങ്ങള്‍ ഒന്നും പ്രധാന മന്ത്രിയുടെ ഓഫീസില്‍ അദേഹത്തിനു ലഭിച്ചില്ല .സ്ട്രാട്ടെജിക് പോസ്റ്റുകള്‍ ഒന്നും കിട്ടിയുമില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സി എ ജി എന്ന ഗ്രൂപ്പ് പിരിച്ചു വിടപ്പെട്ടു ..ആ ഗ്രൂപ്പ് പല രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. പിന്നീട് പ്രശാന്തിനെ കാണുന്നത് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പമായിരുന്നു. നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് മാനേജര്‍ ആയി. മോഡിക്കൊപ്പം ഒരുമിച്ച് കഴിഞ്ഞിരുന്ന പ്രശാന്ത് എങ്ങനെ മോഡിയുടെ ബദ്ധവൈരിയായ നിതീഷിനൊപ്പമെത്തി എന്നായിരുന്നു അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തിയ സംശയം. പക്ഷെ, അതൊക്കെ ആധുനിക മാനേജ്‌മെന്റ് രീതികളുടെ ഭാഗം തന്നെയെന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. വോട്ടര്‍മാരുടെ വീടുകളില്‍ പോയി അവരെ നേരില്‍ കാണുക എന്നതായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ നിതിഷിനു നല്‍കിയ ഉപദേശം. അത് വലിയ വിജയമായിരുന്നു താനും .
അമേരിക്കന്‍ മോഡല്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആണ് പ്രശാന്തിന്റെത് ..ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ മോഡലില്‍ നടത്തിയ ഈ രണ്ടും പ്രോജെക്റ്റുകളും നല്ല വിജയമായിരുന്നു.
ഈ ചാണക്യന്റെ അടുത്ത ക്ലൈന്റ് എന്ന് പ്രിയങ്കയെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം യു.പിയില്‍ പ്രിയങ്ക എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത് പ്രശാന്ത് തന്നെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ പ്രിയങ്ക രംഗത്തേക്കിറങ്ങണമെന്ന് മുറവിളി ശക്തമായിരുന്നു.  മോഡിക്കെതിരെയുള്ള  തീ പാറുന്ന പ്രസംഗങ്ങള്‍ പ്രിയങ്കയെ കോണ്‍ഗ്രസ് അനുഭാവികളുടെ ആരാധനാപാത്രമാക്കി മാറ്റുകയായിരുന്നു. ഇന്ദിരാഗാന്ധിയോടുള്ള സാദൃശ്യവും പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്.  പ്രിയങ്കയുടെ കൈകളിലാണ് പാര്‍ട്ടി ഭദ്രമാവുക എന്ന് അണികള്‍ പോലും വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ആകട്ടെ വിശ്വാസം അര്‍പ്പിചിരിക്കുന്നത് പ്രശാന്ത് കിഷോര്‍ എന്ന മജീഷ്യന്റെ മാജിക്കിലും.

You must be logged in to post a comment Login