പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ‘നമോ എഗെയിന്‍’ ടീ ഷര്‍ട്ട് ധരിച്ച് പെണ്‍കുട്ടി എത്തിയത് ബി.ജെ.പി തിരക്കഥയെന്ന് കോണ്‍ഗ്രസ് ; അഭിമുഖത്തിനെത്തിയ റിപ്പബ്ലിക് ടി.വിക്കാരെ ഓടിച്ച് പ്രവര്‍ത്തകര്‍

വാരാണസി: വരാണസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നമോ എഗെയിന്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് പെണ്‍കുട്ടിയെത്തിയ സംഭവം വിവാദത്തില്‍.

പരിപാടിയില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയെ ബി.ജെ.പി മനപൂര്‍വം എത്തിച്ചതാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. പെണ്‍കുട്ടിയുടെ അഭിമുഖം എടുക്കാനായി റിപ്ലബ്ലിക് ടിവി ചാനല്‍ എത്തിയതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അപര്‍ണ വിശ്വകര്‍മ എന്ന പെണ്‍കുട്ടിയാണ് നമോ എഗെയിന്‍ എന്നെഴുതിയ ടീഷര്‍ട് ധരിച്ച് പ്രിയങ്കാ ഗാന്ധിയുടെ പരിപാടിയില്‍ എത്തിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു വസ്ത്രം ധരിച്ച് എത്തിയതെന്ന ചോദ്യത്തിന് താന്‍ മോദി ആരാധരാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ടീ ഷര്‍ട്ട് ധരിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. പ്രിയങ്ക ഗാന്ധി ഇവിടെ ആദ്യമായി എത്തുകയാണെന്നും അവരുടെ വരവ് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നായിരുന്നു പെണ്‍കുട്ടി അഭിമുഖത്തില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിമുഖം നടത്തുന്ന സ്ഥലത്തെത്തിയത്. പ്രിയങ്കയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ നമോ എഗെയിന്‍ എന്ന് ടീ ഷര്‍ട്ട് ധരിച്ച് ഈ പെണ്‍കുട്ടി എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ബി.ജെ.പി പണം നല്‍കി അവരെ അയച്ചതാണെന്നും റിപ്പബ്ലിക് ടിവി അവരുടെ മാത്രം അഭിമുഖം എടുത്ത് ചാനലില്‍ നല്‍കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

”പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി സ്ത്രീകള്‍ എത്തിയിട്ടുണ്ട്. വന്‍ ജനപങ്കാളിത്തമാണ് പ്രിയങ്കയുടെ പരിപാടിക്ക് ലഭിക്കുന്നത്. അതില്‍ അസ്വസ്ഥരായ ബി.ജെ.പിക്കാര്‍ വ്യാജ വാര്‍ത്ത നല്‍കാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചത്”- പ്രവര്‍ത്തകര്‍ പറയുന്നു.

അഭിമുഖം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ബി.ജെ.പിക്കാര്‍ പറഞ്ഞയച്ചിട്ട് വന്നതല്ലെന്നും കടുത്ത മോദി ആരാധിക ആണെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ചുതുടങ്ങിയതോടെ റിപ്പബ്ലിക് ടി.വി അഭിമുഖം എടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അഭിമുഖം അവസാനിപ്പിക്കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ചാനലുകാര്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്ന് അറിയി്ചചു.

ഇതിനിടെ പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ പൊലീസ് എത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. പൊലീസ് എത്തിയതോടെ റിപ്പബ്ലിക് ടിവിക്കാര്‍ അഭിമുഖം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.

You must be logged in to post a comment Login