പ്രിയങ്ക ഗാന്ധിയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്ന് വിനയ് കത്യാര്‍; ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറായി പ്രിയങ്കയെ പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ബിജെപി എംപിയുടെ പ്രസ്തവാന. അതേസമയം കത്യാറിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ വിവാദ പരാമര്‍ശമെന്ന് പ്രിയങ്ക പറഞ്ഞു.

കത്യാറിന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക പറഞ്ഞു. മോശവും തരംതാണതുമായ പരാമര്‍ശമാണ് വിനയ് കത്യാര്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല ആവശ്യപ്പെട്ടു.

ജെഡിയു അധ്യക്ഷന്‍ ശരത് യാദവ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി എംപിയുടെ വാക്കുകളും പുറത്തുവന്നത്. മകളുടെ മാനത്തേക്കാള്‍ വിലയുണ്ട് വോട്ടുകള്‍ക്ക് എന്ന ശരത് യാദവിന്റെ പ്രസ്താനയാണ് വിവാദമായിരിക്കുന്നത്.

പ്രസ്താന പുറത്തുവന്നതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ ശരത് യാദവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശരത് യാദവിന് സമന്‍സ് അയയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.

You must be logged in to post a comment Login