പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; കെ സി വേണുഗോപാലിന് സംഘടനാ ചുമതല

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.

കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണ് യഥാര്‍ത്ഥ്യമായിരിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം.

മോദിയുടെ മണ്ഡല മായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്. എഐസിസിയിലും ഇതോടൊപ്പം അഴിച്ചുപണി നടത്തി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കെ.സി വേണുഗോപാലിനാണ്. എറ്റവും അധികാരമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് കെ സി വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്. സംഘടനാ തലത്തിലെ നിയമന ചുമതല ഇതോടെ കെ.സി വേണുഗോപാലിന് ലഭിച്ചു. അശോക് ഗോലോട്ട് വഹിച്ചിരുന്ന ചുമതലയാണ് കെ സി വേണുഗോപാലിന് ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്ന് തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. നെഹ്റു കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി തെരഞ്ഞെടുപ്പ് ഗോദയില്‍ വന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

You must be logged in to post a comment Login