പ്രിയദര്‍ശിനി ജോയിയുടെ ചലച്ചിത്രമുദ്രകള്‍

ബി.ജോസുകുട്ടി


മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പരമ്പര ഒരുക്കിയ എം.ടി.-ഹരിഹരന്‍ ടീമിന് തുടക്കം കുറിച്ചത് പ്രിയദര്‍ശിനി ജോയി എന്ന ചലച്ചിത്ര നിര്‍മ്മാതാവാണ്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയടക്കം മികച്ച സിനിമകള്‍ നിര്‍മ്മിച്ച ജോയി സെപ്തംബര്‍ 9ന് ജീവിതത്തില്‍ നിന്ന് ‘പായ്ക്കപ്പ്’ പറഞ്ഞുപിരിഞ്ഞു. ഇദ്ദേഹം ചലച്ചിത്രലോകത്ത് പതിപ്പിച്ച പാദമുദ്രകളിലൂടെയൊരു സഞ്ചാരം.

ഉദയാ സ്റ്റുഡിയോയില്‍ നിന്നും വളര്‍ന്നുയര്‍ന്ന പ്രമുഖ ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടി ചേട്ടനാണ് ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രിയദര്‍ശിനി ജോയ് എന്ന ജോയ്‌സാറിനെ പരിചയപ്പെടുത്തി തരുന്നത്. ആലപ്പുഴ തത്തംപള്ളിയിലെ വസതിയില്‍ പലതവണ സന്ദര്‍ശിച്ചപ്പോഴെല്ലാം സിനിമയായിരുന്നു പ്രധാന വിഷയമായി ഞങ്ങള്‍ സംസാരിച്ചിരുന്നത്. പ്രേംനസീര്‍, ഹരിഹരന്‍, എം.ടി എന്നിവരുമായുള്ള സൗഹൃദവിശേഷങ്ങള്‍ ആവേശത്തോടെ പങ്കുവെച്ചിരുന്നു. മിക്കവാറും ഫോണില്‍ വിളിക്കുകയും സൗഹൃദസംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു ഫോണില്‍ വിളിച്ചപ്പോള്‍ ഇങ്ങോട്ടു വരൂ ഞാന്‍ വീട്ടിലുണ്ടെന്നു പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാളിംഗ് ബെല്ലടിച്ചു. വാതില്‍ തുറന്നു വന്നത് അദ്ദേഹത്തിന്റെ മകന്‍ ബോബിയായിരുന്നു. ‘പപ്പ ആശുപത്രിയിലാണ് തീരെ സുഖമില്ല’ എന്നു പറഞ്ഞു.വീട്ടിലുണ്ട് ഇങ്ങോട്ടു വരൂ… എന്ന് ഫോണില്‍ ക്ഷണിച്ചതുകൊണ്ടാണ് ഞാന്‍ വന്നതെന്നു പറഞ്ഞു. ‘ഓര്‍മ്മക്കുറവാകാം…എന്നു ബോബി പറയുകയും ചെയ്തു. ആശുപത്രിയില്‍ ചെന്നുകണ്ട് സംസാരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞതുമില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വിടപറഞ്ഞ വാര്‍ത്തയും വന്നു.കുട്ടനാട്ടുകാരനായിരുന്നു അദ്ദേഹം. ആലപ്പുഴ പുന്നപ്രയില്‍ കാര്‍മ്മല്‍ പോളിടെക്‌നിക്കില്‍ ഉദ്യോഗസ്ഥനായിരിക്കേ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ജോയിസാര്‍ ചലച്ചിത്ര നിര്‍മമാണത്തിനൊരുങ്ങുന്നത്. പ്രിയദര്‍ശിനി കംബയിന്‍സ് എന്ന നിര്‍മ്മാണ കമ്പനിയും രജിസ്റ്റര്‍ ചെയ്തു. മനോരമ ആഴ്ചപ്പതിപ്പില്‍ ഖണ്ഢശ്ശഃയായി പ്രസിദ്ധീകരിച്ച കാനം ഇ.ജെ.യുടെ നോവലാണ് പ്രിയദര്‍സിനി കമ്പനി ആദ്യമായി ‘യാമിനി’ എന്ന പേരില്‍ ചലച്ചിത്രമാക്കിയത്. എം.കൃഷ്ണ്‍ നായരായിരുന്നു സംവിധായകന്‍. മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.കെ.എബ്രഹാം, ബഹദൂര്‍, മുതുകുളം രാഘവന്‍ പിള്ള, ആലുമ്മൂടന്‍, ജയഭാരതി, സാധന, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരായിരുന്നു അഭിനേതാക്കള്‍. 1973 നവംബറില്‍ യാമിനി റീലീസ് ചെയ്യുകയും ശരാശരി വിജയം നേടുകയും ചെയ്തു.പിന്നീട് 1975ല്‍ വമ്പന്‍ താരനിരയെ അണിനിരത്തി ‘സൂര്യവംശം’ എന്ന ബിഗ്ബജറ്റ് സിനിമ നിര്‍മ്മിച്ചു. എ.ബി.രാജ് ആണ് ഇത് സംവിധാനം ചെയ്തത്. എസ്.എല്‍.പുരം സദാനന്ദന്‍ ഈ ചിത്രത്തിനു തിരക്കഥയെഴുതി. സുഹൃത്തുകൂടിയായിരുന്ന കൃഷ്ണന്‍കുട്ടി ഇതിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. പ്രേംനസീര്‍, സോമന്‍, ജയന്‍, ജോസ്പ്രകാശ്, അടൂര്‍ഭാസി, തിക്കുറിശ്ശി, ബഹദൂര്‍, പി.കെ.എബ്രഹാം, പ്രതാപചന്ദ്രന്‍, ജയഭാരതി, രാജകോകില, ശ്രീലത, ടി.ആര്‍.ഓമന എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. 1975 ലെ ഓണ സിനിമയായി തിയേറ്ററിലെത്തിയ സൂര്യവംശം വന്‍ പ്രദര്‍ശന വിജയം നേടുകയും ചെയ്തു.1977ലാണ് ഹരിഹരന്‍ എന്ന സംവിധായകുനുമായി കെ.സി.ജോയ് എന്ന നിര്‍മ്മാതാവ് സഹകരിച്ചുതുടങ്ങുന്നത്. ആ വര്‍ഷത്തെ ഓണത്തിന് ഹരിഹരന്‍ പ്രയദര്‍ശിനി മൂവീസിനുവേണ്ടി ‘ഇവനെന്റെ പ്രിയ പുത്രന്‍’ എന്ന താരസമ്പന്നമായ സിനിമ സംവിധാനം ചെയ്തു. ആ ചിത്രവും സൂപ്പര്‍ഹിറ്റായി. പ്രേംനസീര്‍, സോമന്‍, ജയന്‍, ഉമ്മര്‍, ജനാര്‍ദ്ദനന്‍, ബഹദൂര്‍, പി.കെ.എബ്രഹാം, പൂജപ്പുര രവി, പട്ടം സദന്‍, ഷീല, നന്ദിതാ ബോസ്, റീന, സാധന,ജലജ എന്നിവരായിരുന്നു നടീനടന്മാര്‍.പിറ്റേവര്‍ഷവും പ്രിയദര്‍ശിനി മൂവിസ് നിര്‍മ്മിച്ച ‘സ്‌നേഹത്തിന്റം മുഖങ്ങള്‍’ എന്ന സിനിമയും ഹരിഹരനാണ് സംവിധാനം ചെയ്തത്, 1978ലെ വിഷുദിനത്തില്‍ റിലീസായ ഈ സിനിമയും ജോയി സാറിനു വാണിജ്യവിജയം നേടിക്കൊടുത്തു. പ്രേംനസീര്‍, മധു, വിന്‍സെന്റ് അടൂര്‍ഭാസി, ശങ്കരാടി, ജയഭാരതി, സീമ, കനകദുര്‍ഗ, സുകുമാരി, ടി.ആര്‍.ഓമന എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മലയാളത്തില്‍ ക്ലാസിക് സിനിമകളുടെ ഒരു പരമ്പര തന്നെ ഒരുക്കിയ വിഖ്യാതരായ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടിനു തുടക്കം കുറിച്ചത് കെ.സി.ജോയ് എന്ന നിര്‍മ്മാതാവായിരുന്നു. 1979 ആഗസ്റ്റ് ആദ്യവാരം പ്രയദര്‍ശിനി മൂവീസ് നിര്‍മ്മിച്ച് എം.ടി രചിച്ച ഹരിഹരന്‍ സംവിധാനം ചെയ്ത ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ തിയേറ്ററുകളിലെത്തി. തിരക്കഥയെഴിതകൊടുത്ത എം.ടിയോട് ഹരിഹരനെ സംവിധായകനാക്കുകയാണെന്നു പറഞ്ഞപ്പോള്‍ ഒട്ടും സംശയിക്കാതെ എം.ടി അംഗീകരിക്കുകയായിരുന്നു. മധു, സോമന്‍, വില്യം ഡിക്രൂസ്, പ്രതാപചന്ദ്രന്‍, ശങ്കരാടി, പി.കെ.വേണുക്കുട്ടന്‍ നായര്‍, ശ്രീവിദ്യ, അംബിക, അടൂര്‍ പങ്കജം എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മികച്ച നടിക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ശ്രീവിദ്യയ്ക്ക് ഈ ചിത്രത്തിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ലഭിക്കുകയും ചെയ്തു.  കൂടാതെ ജനപ്രീതി നേടിയ ചിത്രമെന്ന ബഹുമതിയും ഈ ചിത്രം നേടി. ആ വര്‍ഷത്തെ മികച്ച നടനും നടിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും മധുവും, ശ്രീവിദ്യയും ഈ സിനിമയിലൂടെ കരസ്ഥമാക്കി. 1981 ല്‍ വീണ്ടും എം.ടി-ഹരിഹരന്‍ സഖ്യത്തിന്റെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന സിനിമയും ജോയിസാര്‍ പ്രയദര്‍ശിനിയുടെ ബാനറില്‍ നിര്‍മ്മിച്ചു. സുകുമാരന്‍, ബാലന്‍ കെ നായര്‍, രതീഷ്, തിക്കുറിശ്ശി, ഉമ്മര്‍, ജി.കെ.പിള്ള, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാധവി, നന്ദിതാ ബോസ്, വിജയറാണി എന്നിവരഭിനയിച്ചു ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും, വളര്‍ത്തുമൃഗങ്ങളും ശ്രദ്ധേയമായ വിജയം നേടി. എം.ടി.വാസുദേവന്‍ നായര്‍ ആദ്യമായും അവസാനമായും ഗാനരചന നിര്‍വ്വഹിച്ചത് എന്ന ഒരു പ്രത്യേകതയും ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന സിനിമയ്ക്കുണ്ട്.  1982ല്‍ പ്രിയദര്‍ശിനി മൂവീസ് നിര്‍മ്മിച്ച വാരിക്കുഴിയുടെ സംവിധായകന്‍ എം.ടി. തന്നെയായിരുന്നു. സുകുമാരന്‍, നെടുമുടിവേണു, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,അരവിന്ദാക്ഷ മേനോന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, സുവര്‍ണ, ശുഭ, ഇന്ദിര, രാഗിണി, വിലാസിനി എന്നിവരായിരുന്നു. 1983ല്‍ ‘വരന്മാരെ ആവശ്യമുണ്ട്’ എന്ന ഹാസ്യചിത്ര നിര്‍മ്മാണത്തോടെ ജോയ്‌സാര്‍ സിനിമാ ലോകത്തു നിന്നും പിന്മാറി. ഹരിഹരന്‍ സംവിധാനം ചെയ്ത ഈ സിനിമയും സൂപ്പര്‍ഹിറ്റായി മാറി. അങ്ങനെ നിര്‍മ്മിച്ച സിനിമകളെല്ലാം തന്നെ ജോയ് സാറിനെ നിരാശപ്പെടുത്തിയില്ല. ആലപ്പുഴയില്‍ ഉദയാ സ്റ്റുഡിയോ എന്ന വമ്പര്‍ നിര്‍മ്മാണ കമ്പനി വിലയേറിയ താരങ്ങളെ അണിനിരത്തി സിനിമയെടുത്ത അതേ കാലയളവില്‍ തന്നെയാണ് പ്രേംനസീര്‍ ഉള്‍പ്പെടെയുള്ള താരനിരയെ ഉള്‍പ്പെടുത്തി ജോയ് സാര്‍ സിനിമയെടുത്തത്.  ഇടക്കാലത്ത് മോഹന്‍ലാല്‍-ഹരിഹരന്‍ സഖ്യത്തിനുവേണ്ടി ഒരു സിനിമ നിര്‍മ്മിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. എങ്കിലും ജോയ് സാര്‍ സന്തോഷവാനായിരുന്നു മരണം വരെ. പ്രിയ ജോയ് സാറിനു പ്രണാമം.

You must be logged in to post a comment Login