പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍മാതൃഭാഷയുടെ അക്ഷരാചാര്യന്‍

  • ചവറ സുരേന്ദ്രന്‍പിള്ള

മലയാള ഭാഷയുടെ ശരിയും തെറ്റും തനിമയും ഭാഷാസ്‌നേഹികള്‍ക്കുപകര്‍ന്നുനല്‍കാന്‍ ആത്മസമര്‍പ്പണം നടത്തിയ ഭാഷാ പണ്ഡിതനും തലമുറകളുടെ അധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ ഇനി ദീപ്തമായ ഓര്‍മ. അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ നിറവാര്‍ന്ന വ്യക്തിപ്രഭാവത്തിന് ഉടമയായ പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ മലയാള ഭാഷയുടെ കാവലാളായിരുന്നു. ഭാഷയെ തെറ്റില്‍ നിന്ന് ശരിയിലേക്ക് കൂട്ടികൊണ്ടുപോകുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയ പന്‍മനയുടെ രചനകളെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഭാഷാശുദ്ധി ഗ്രന്ഥങ്ങളെന്ന് വിളിക്കാവുന്നവയാണ് അദ്ദേഹം എഴുതിയ തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, മലയാളവും മലയാളികളും, തെറ്റില്ലാത്ത ഉച്ചാരണം എന്നീ അഞ്ച് പുസ്തകങ്ങള്‍. ഇവയെ കൂടാതെ അപ്പൂപ്പനും കുട്ടികളും, പൂന്തേന്‍, മഴവില്ല്, ദീപശിഖാ കളിദാസന്‍, ഊഞ്ഞാല്‍, പരിചയം, നൈഷധവും നളചരിതം ആട്ടകഥയും, നവയുഗ ശില്പി രാജരാജവര്‍മ, മലയവിലാസം, സ്വപ്ന വാസവദത്തം, നാരായണീയം, ആശ്ചര്യ ചൂഡാമണി എന്നിവയാണ് മുഖ്യ കൃതികള്‍.  ഇവയെ കൂടാതെ സ്മൃതി രേഖകള്‍ എന്ന ആത്മകഥയും 2010-ല്‍ പ്രസിദ്ധീകരിച്ചിരുന്നു.  അധ്യാപനത്തിന്റെ അസുലഭ ധന്യതയും സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആത്മസമര്‍പ്പണവും സമഞ്ജസമായി സമ്മേളിക്കുന്ന മാതൃകാ ജീവിത രേഖയാണ് അദ്ദേഹത്തിന്റെ ആത്മകഥ.
1362-ല്‍ എഴുതപ്പെട്ട ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സുപ്രസിദ്ധമായ പന്‍മന ഗ്രാമത്തിലെ വടക്കുംതലയില്‍ 1931 ഓഗസ്റ്റ് 13-ന് ആയില്യം നാളിലായിരുന്നു ജനനം. പന്‍മന കണ്ണകത്ത് കുഞ്ചുനായരുടെയും പന്‍മന കളീലില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏക മകന്‍. അച്ഛന്‍ കുഞ്ചുനായര്‍ ഭാഗവതരായിരുന്നു.  ചട്ടമ്പിസ്വാമിയുടെ സാന്നിധ്യത്തില്‍ പാടിയ ആളാണ് കുഞ്ചുനായര്‍.  ചട്ടമ്പിസ്വാമികളുടെ സമാധിവരെ അദ്ധേഹത്തെ ശൂശ്രുഷിച്ചത് കുഞ്ചുനായരാണ്.
ചട്ടമ്പിസ്വാമിയുടെ തമിഴ്, മലയാളം കീര്‍ത്തനങ്ങള്‍ മകനെ ചൊല്ലി പഠിപ്പിച്ചത് കുഞ്ചുനായരായിരുന്നു.  ലക്ഷ്മിക്കുട്ടിയമ്മയും സംഗീതം പഠിച്ചിട്ടുണ്ട്. ഈ പാരമ്പര്യം കുട്ടിക്കാലം മുതലെ  രാമചന്ദ്രന്‍നായരുടെ കവിതകളിലും  പ്രകടമായിരുന്നു. പന്‍മന പനയന്നാര്‍കാവ് ദേവസ്വം വക പ്രൈമറി സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീട്ടില്‍ നിന്നും ഒന്നേകാല്‍ കീലോമീറ്ററോളം നടന്നുവന്നാണ് പഠനം നടത്തിയിരുന്നത്.  ഒന്‍പതാം വയസ്സില്‍ നാലാം ക്ലാസ്സ് ജയിച്ച രാമചന്ദ്രന്‍നായര്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ പഠിക്കണമെന്നങ്കില്‍ നാലു കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളിയിലോ ചവറ ശങ്കരമംഗലത്തോ പോകണമായിരുന്നു.  മകനെ സംസ്‌കൃതം പഠിപ്പിക്കണമെന്ന് തീരുമാനിച്ച പിതാവ് രാമചന്ദ്രന്‍നായരെ പന്‍മന ആശ്രമത്തിന് സമീപമുള്ള സംസ്‌കൃത സ്‌ക്കൂളിലാണ് ചേര്‍ത്തത്.
സെക്കന്‍ഡ് ക്ലാസ്സോടെ ശാസ്ത്രി പരീക്ഷയില്‍ വിജയം നേടി. തുടര്‍ന്ന് കരുനാഗപ്പള്ളി ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ തേഡ് ഫോമില്‍ ചേര്‍ന്നു.  1950-ല്‍ ഇ.എസ്.എല്‍.സി പരീക്ഷ ഫസ്റ്റ് ക്ലാസ്സോടെ പാസായി. പന്‍മനയില്‍ നിന്നും കരുനാഗപ്പള്ളി വരെയുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരായ കൊല്ലക ഡാനിയല്‍ സാറിന്റെയും കോതമംഗലത്ത് പരമേശ്വരന്‍പിള്ള സാറിന്റെയും വ്യാകരണ അധ്യാപനവും സാഹിത്യ ആസ്വാദനവും രാമചന്ദ്രന്‍നായരെ ഏറെ സ്വാധീനിച്ചിരുന്നു.  തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളെജില്‍ ഇന്റര്‍മീഡിയന്റിന് പഠിക്കുമ്പോഴാണ് കവിത എഴുതി തുടങ്ങിയത്. പ്രേമയാചകനാണ് ആദ്യകവിത. കൗമുദി വാരിക, കലാനിധി മാസിക, ജനയുഗം, മലയാളരാജ്യം എന്നിവയിലൊക്കെ കവിത പ്രസിദ്ധീകരിച്ചു. ഫിസിക്ക്‌സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.  ഒന്നാം റാങ്കോടെയാണ് എം.എ മലയാളം പാസ്സായത്.
കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളെജില്‍ മലയാളം അധ്യാപകനായിട്ടാണ് പന്‍മന രാമചന്ദ്രന്‍നായരുടെ ഔദേ്യാഗിക ജീവിതം ആരംഭിക്കുന്നത്.  തുടര്‍ന്ന് മലയാളം ലെക്‌സിക്കണില്‍ മലയാളം മഹാനിഘണ്ടുവിന്റെ ഓഫീസില്‍ പണ്ഡിറ്റായി നിയമനം ലഭിച്ചു. നൂറ്റിപതിനെട്ട് രൂപയായിരുന്നു ആദ്യ ശമ്പളം. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരത്ത് വിവിധ കോളെജുകളില്‍ അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ മലയാളം വിഭാഗം അധ്യക്ഷനായി ഇരിക്കെ 1987-ല്‍ വിരമിച്ചു.  കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ വിവിധ സമിതികളിലും കേരള സര്‍വ്വകലാശാല സെനറ്റിലും അംഗമായിരുന്നു.
പന്‍മന രാമചന്ദ്രന്‍നായര്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഒരുക്കൂട്ടം ചെറുപ്പക്കാരോടൊപ്പം നാട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.  അധ്യാപകരും ബിരുദ വിദ്യാര്‍ത്ഥികളും കുറെ യുവാക്കളും പതിവായി വടക്കുംതല പനയന്നാര്‍കാവ് ക്ഷേത്രമൈതാനത്ത് ഒത്തുകൂടുമായിരുന്നു. പാട്ടിലും സാഹിത്യ ചര്‍ച്ചയിലും പന്‍മന രാമചന്ദ്രന്‍നായര്‍ പങ്കെടുത്തുവന്നു. ഈ ഒത്തുചേരലില്‍ നിന്നാണ് പനയന്നാര്‍കാവില്‍ ഒരു ഗ്രന്ഥശാല രൂപം കൊണ്ടത്.  1952 ജൂണ്‍ ഒന്നിന് കുമ്പളത്ത് ശങ്കുപ്പിള്ളയാണ് ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തത്.  1955-ല്‍ പന്‍മന രാമചന്ദ്രന്‍നായര്‍ ഗ്രന്ഥശാലാ സംഘം കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റായി.  1958-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ പ്രഥമ സംസ്ഥാന സമിതിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തില്‍ പത്രാധിപരായ പ്രൊഫ.എസ്.ഗുപ്തന്‍നായരുടെ കീഴില്‍ സഹപത്രാധിപനായും പ്രവര്‍ത്തിച്ചു. വടക്കുംതല കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയ്ക്ക് 2013-ല്‍ പന്‍മന രാമചന്ദ്രന്‍നായര്‍ മൂന്ന് ലക്ഷം രൂപ സംഭാവനയും നല്‍കിയിരുന്നു.
വ്യാകരണം, നിരൂപണം, വ്യാഖ്യാനം, പരിഭാഷ, ആത്മകഥ എന്നീ വിഭാഗങ്ങളിലായി 19 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഭാഷാ ശുദ്ധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും പേരിലാണ് പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ മലയാളികളുടെ മനസ്സില്‍ ലബ്ധ പ്രതിഷ്ഠ നേടിയത്. ഭാഷയില്‍ കാണുന്നതും കേള്‍ക്കുന്നതുമായ തെറ്റുകളില്‍ ഓരോന്നും ചൂണ്ടികാണിച്ച് അവയെന്തുകൊണ്ട് തെറ്റായി എന്നു വിശദീകരിക്കുകയും അവയുടെ ശരി രൂപം കാണിച്ചുകൊടുക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. മാതൃഭാഷയ്ക്കു വേണ്ടി തിരുവനന്തപുരം നഗരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ജാഥയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. കേരള സര്‍ക്കാര്‍ ഡി.പി.ഇ.പി.  എന്ന പദ്ധതി അവതരിപ്പിച്ച് സ്‌ക്കൂളുകളിലെ മാതൃഭാഷാ പഠനത്തെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നടത്തിയ ജാഥയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥനയെ മാനിച്ച് പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. കേരളത്തിലെ സാംസ്‌ക്കാരിക തകര്‍ച്ചയും ഭാഷാപരമായ ദുരവസ്ഥയും പരിഹരിക്കാനായി ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഭാഷാസേവനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഉണ്ണായിവാര്യരുടെ നളചരിതത്തിന് ഏ.ആര്‍.രാജരാജവര്‍മ ഉള്‍പ്പെടെ പലരും വ്യാഖ്യാനം എഴുതിയിട്ടുണ്ടെങ്കിലും പന്‍മന രാമചന്ദ്രന്‍നായരുടെ കൈരളീ വ്യാഖ്യാനം വേറിട്ടൊരു വായനാനുഭവമാണ്.  ഏ.ആര്‍. രാജരാജവര്‍മ്മയില്‍ ആരംഭിക്കുന്ന ഗുരുശിഷ്യ പരമ്പരപോലെ പ്രൗഢവും പ്രശസ്തവും വ്യാപകവുമായ മറ്റൊന്ന് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ആ ശിഷ്യ പ്രശിഷ്യ പരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നു.
1987-ല്‍ അധ്യാപന രംഗത്തു നിന്നും വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യ സപര്യയ്ക്ക് യാതൊരു മുടക്കവും വന്നില്ല.  പി.കെ.പരമേശ്വരന്‍ നായര്‍ സ്മാര ട്രസ്റ്റിന്റെ മാര്‍ഗ ദര്‍ശിയായി പ്രവര്‍ത്തിച്ചു.  മലയാള സാഹിത്യ ചരിത്രം, കേരള സംസ്‌ക്കാര പഠനങ്ങള്‍ എന്നീ വിലപ്പെട്ട സംഭാവനകള്‍ നല്‍കാനും പ്രൊഫ.പന്‍മന രാമചന്ദ്രന്‍നായര്‍ക്ക് കഴിഞ്ഞു. കുട്ടിക്കാലം മുതല്‍ക്കെ പല രോഗങ്ങളും അദ്ധേഹത്തെ പിന്‍തുടര്‍ന്നിരുന്നു. വേദനയും കഷ്ടപ്പാടും ഏറെ സഹിച്ചു.  ചെറുതും വലുതുമായ ആറു ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. പതിമൂന്ന് വര്‍ഷമായി നട്ടെല്ലിന്റെ ബലത്തിനു വേണ്ടി തോള്‍ മുതല്‍ അരക്കെട്ട് വരെ ഏഴു കൊളുത്തുള്ള ബെല്‍റ്റിട്ട് മുറുക്കികൊണ്ടായിരുന്നു ഇരുപ്പും  നടപ്പും ഒക്കെത്തന്നെ.  ഇതുമൂലം യാത്രകളും പ്രഭാഷണങ്ങളും ഉപേക്ഷിക്കേണ്ടിയും വന്നു.  ‘-രോഗം വരാതിരിക്കലല്ല ഈശ്വരനാനുഗ്രഹം; നല്ല ശ്രശൂഷയും രോഗശമനവുമാണ് ‘ എന്നാണ് തികഞ്ഞ ഈശ്വര വിശ്വാസിയായ പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ പറഞ്ഞത്.  അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയാന്‍ സാധിച്ചത്. അലസത ഒരിക്കലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. പഠിക്കാതെയും ആലോചിച്ച് ഉറപ്പിക്കാതെയും ഒന്നും പഠിപ്പിച്ചിട്ടുമില്ല. ജൂണ്‍ അഞ്ചിന് അദ്ദേഹം നിര്യാതനായി. മലയാള ഭാഷയുടെ തനിമയ്ക്ക് കാവലാളായിരുന്ന  പ്രൊഫ.പന്‍മന രാമചന്ദ്രന്‍നായരുടെ നിര്യാണം ഭാഷാസ്‌നേഹികള്‍ക്ക് ഒരു തീരാനഷ്ടവാണ്.

You must be logged in to post a comment Login