പ്ലസ്ടു ഫിസിക്സ്​ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ വാട്സ് ആപ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച നടത്തിയ ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സ്ആപ് വഴി പ്രചരിച്ചത്.

തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു ചോദ്യപേപ്പർ വാട്സാപ്പ് വഴി ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. ചോദ്യങ്ങൾ മറ്റൊരു പേപ്പറിലേക്ക് പകർത്തി എഴുതിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്.

മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകളുമായി സാമ്യമുണ്ടെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് മേധാവി ലോക് നാഥ് ബെഹറ അറിയിച്ചു.

ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ചുള്ള തീരുമാനം വെള്ളിയാഴ്ച കൈകൊള്ളുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.

You must be logged in to post a comment Login