പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി; വൈദികന്‍ കുറ്റം സമ്മതിച്ചു; വന്‍ പൊലീസ് സന്നാഹത്തോടെ തെളിവെടുപ്പ്

പേരാവൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കും ചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പള്ളിയിലും പരിസര പ്രദേശത്തും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. അങ്കമാലിയില്‍ നിന്ന് പിടിയിലായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 26നാണു പെണ്‍കുട്ടി പരാതി നല്‍കിയത്.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് ചുമത്തിയതോടെ വിചാരണകഴിയുംവരെ ജാമ്യം ലഭിക്കില്ലെന്നും ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമമുണ്ടായി. കുട്ടിയുടെ പ്രസവം നടന്ന വിവരം മറച്ച് വെച്ച ആശുപത്രിക്കെതിരെയും കുറ്റകൃത്യം മറച്ചുവെച്ചവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.

20 ദിവസങ്ങള്‍ക്കുമുന്‍പ് പതിനാറുകാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെത്തുടര്‍ന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പൊലീസ് അറിയിച്ചു. പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You must be logged in to post a comment Login