പ്ലസ് ടു സർട്ടിഫിക്കേറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം

സർട്ടിഫിക്കേറ്റ് തട്ടിപ്പ് തടയാൻ പ്ലസ് ടു സർട്ടിഫിക്കേറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. മാതാപിതാക്കളുടെ വിവരങ്ങളും വിദ്യാർത്ഥിയുടെ ഫോട്ടോയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൂടി ഉൾപ്പെട്ടതാണ് പുതിയ സർട്ടിഫിക്കേറ്റ്. നിലവിലെ രീതി മാറ്റി പുതിയ മാതൃക അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഈ അധ്യയന വർഷം മുതൽ പുതിയ രീതിയിലുള്ള സർട്ടിഫിക്കേറ്റാണ് വിദ്യാർത്ഥികൾക്ക് നൽകുക.

2013 മുതൽ വിദ്യാർത്ഥിയുടെ പേരു മാത്രം വ്യക്തിഗത വിവരമായി ഉൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റാണ് പ്ലസ് ടുവിനു നൽകുന്നത്. എന്നാലിത് സർട്ടിഫിക്കേറ്റ് തിരിമറികൾക്ക് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേറ്റ് മാതൃക പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. അടുത്തിടെ സർട്ടിഫിക്കേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്.

വിദ്യാർത്ഥിയുടെ പേരിൽ മാറ്റം വരുത്തി സർട്ടിഫിക്കേറ്റ് തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതികളിലേറെയും. ഇതോടെയാണു സർട്ടിഫിക്കേറ്റ് പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥിയുടെ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൂടി സർട്ടിഫിക്കേറ്റിലുണ്ടാകും. വിദ്യാർത്ഥിയുടെ പേര്, പിതാവിന്റേയും മാതാവിന്റേയും പേര്, ജനനതീയതി, വിദ്യാർത്ഥിയുടെ ഫോട്ടോ, പരീക്ഷയിൽ നേടിയ സ്‌കോർ, സ്‌കൂൾ കോഡ് എന്നീ വിവരങ്ങളാണ് പുതിയ സർട്ടിഫിക്കേറ്റിലുണ്ടാകുക. ഇത്തരത്തിൽ അടിയന്തരമായി സർട്ടിഫിക്കേറ്റ് പരിഷ്‌കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2019 ഡിസംബർ 23ന് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് പുതിയ മാതൃക സർക്കാർ അംഗീകരിച്ചത്. ഈ അധ്യയന വർഷം മുതൽ പുതിയ സർട്ടിഫിക്കേറ്റാണ് വിദ്യാർത്ഥികൾക്ക് നൽകുക. സർട്ടഫിക്കേറ്റ് പരിഷ്‌കരിക്കുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

You must be logged in to post a comment Login