പ്ലാസ്റ്റിക് കറന്‍സിയുടെ അച്ചടി ഡിലാറ്യൂവിന് നല്‍കുന്നതില്‍ ദുരൂഹത: ഉമ്മന്‍ ചാണ്ടി


കൊച്ചി: നേരത്തെ ഇന്ത്യയില്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനിയായ ഡിലാറ്യൂവിന് (De La Rue) പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുന്നതിന് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കറന്‍സി നോട്ടുകള്‍ വിദേശത്ത് അച്ചടിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി 2013ല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു വിരുദ്ധമായി മോദി സര്‍ക്കാര്‍ ഈ വിദേശ കമ്പനിയുമായി സഹകരിക്കുന്നതു വന്‍തോതിലുള്ള അഴിമതി ലക്ഷ്യമിട്ടാണെന്നും ഈ നീക്കം കള്ളനോട്ട് അച്ചടിക്കു സാധ്യതയുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച അതേ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ ഈ കമ്പനിയായിരുന്നു എന്നും തെളിവുകള്‍ ഹാജരാക്കി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും ഈ കമ്പനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘1997-98 കാലഘട്ടത്തില്‍ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ ഡിലാറ്യു ഉള്‍പ്പടെ മൂന്ന് വിദേശ കമ്പനികള്‍ക്കു കരാര്‍ നല്‍കിയിരുന്നു. ആദ്യമായാണ് ഇന്ത്യന്‍ കറന്‍സിയുടെ അച്ചടി ഇങ്ങനെ വിദേശ കമ്പനികളെ ഏല്‍പ്പിച്ചത്. വ്യത്യസ്ത രാജ്യങ്ങളിലായി ഇങ്ങനെ കറന്‍സി അച്ചടിച്ചതില്‍ ഗുരുതരമായ അപകട സാധ്യതയുണ്ടെന്നും രാജ്യത്തെ സമ്പദ് ഘടനയെയും സുരക്ഷയെയും പരമാധികാരത്തേയും ബാധിക്കുമെന്നും പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി വിലയിരുത്തി. ഈ കമ്പനികള്‍ കൂടുതല്‍ കറന്‍സികള്‍ അച്ചടിച്ചാല്‍ കണ്ടെത്താനാവില്ലെന്നും അത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്തുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്ത കമ്മിറ്റി ഭാവിയില്‍ ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ വിദേശ കമ്പനികളെ ഏല്‍പ്പിക്കരുതെന്ന് 2013 മാര്‍ച്ച് 20ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തതാണ്.

ഡിലാറ്യു കമ്പനിയെ കേന്ദ്രം കരിമ്പട്ടികയില്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയുള്ള കമ്പനിയെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മോഡി സര്‍ക്കാര്‍ സഹകരണം തുടരുന്നതിനു പിന്നിലെ താല്‍പര്യങ്ങള്‍ സംശയാസ്പദമാണ്. കറന്‍സി പിന്‍വലിക്കല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച അതേ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യയുകെ ടെക് സമ്മിറ്റില്‍ ഈ കമ്പനി പ്ലാറ്റിനം സ്‌പോണ്‍സറായിരുന്നു എന്നതും ആ സമ്മിറ്റ് നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തതെന്നതും ഇതിനൊപ്പം സംശയങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

2013 മുതല്‍ 2015 വരെയുള്ള ഈ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ഉള്ളതായി പറയുന്നില്ലെങ്കിലും 2016 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 100% പ്രവര്‍ത്തനം ഉള്ളതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രവുമല്ല കഴിഞ്ഞ ഏപ്രിലിനു ശേഷം ഈ കമ്പനിയുടെ ഓഹരി മൂല്യം 33.33% വര്‍ധിക്കുകയും ചെയ്തു. പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള വിദേശ കമ്പനികളില്‍ ഡിലാറ്യുവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഇതിനു പിന്നാലെ പുറത്തുവന്നു. സംശയാസ്പദമായ ഈ ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം’ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

You must be logged in to post a comment Login