പ്ലാസ്റ്റിക് നിരോധനം: ശിക്ഷാ നടപടികള്‍ ഇന്ന് മുതല്‍, ആദ്യ നിയമലംഘനത്തിന് 10,000 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ട് 15
ദിവസം കഴിഞ്ഞു. എന്നാല്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള പിഴ
ഈടാക്കുന്നത് ഇന്ന് മുതലാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്
ഉത്പന്നങ്ങള്‍ക്കാണ് ഇന്ന് മുതല്‍ പിഴ ഈടാക്കുക. ബോധവത്കരണം എന്ന നിലയില്‍
ജനുവരി 15 വരെ പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ.
മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം
സ്ഥാപനത്തിന്റെ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും.
കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ
നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള
ചുമതല.

പ്ലാസ്റ്റിക് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിനെതിരായ വ്യാപാരികളുടെ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതെല്ലാം അവഗണിച്ചായിരുന്നു നിരോധനം നടപ്പിലാക്കിയത്.

2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുമെന്ന് സർക്കാർ
നേരത്തെ അറിയിച്ചിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം,
കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണു തീരുമാനം.
നവംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ഷീറ്റ്, റെസ്റ്റോറന്റുകളിലും
ആഘോഷങ്ങളിലും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് പ്ലേറ്റ്,
കപ്പ്, സ്പൂൺ, സ്ട്രോ, സ്റ്റെറർ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്,
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ് എന്നിവ നിരോധിച്ച
പ്ലാസറ്റിക് ഉൽപ്പന്നങ്ങളിൽപ്പെടും.

ബാഗ്, ബൗൾ, നോൺ വൂവൺ ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക്
അലങ്കാരങ്ങൾ, പ്ലൗസ്റ്റിക് കുടിവെള്ള പൗച്ച്, ബ്രാൻഡ് ചെയ്യാത്ത
പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലീറ്ററിൽ താഴെയുള്ള
കുടിവെള്ളക്കുപ്പികൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ (ഗാർബേജ്
ബാഗ്) ഫ്ലക്സ്, ബാനർ എന്നിവയ്ക്കും നിരോധനമുണ്ട്.

You must be logged in to post a comment Login