പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം മൂന്നാം ദിവസത്തില്‍: കൂടുതല്‍ സൈനിക വിന്യാസം, ഇന്‍റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും വ്യാപിപ്പിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം മൂന്നാം ദിവസത്തില്‍: കൂടുതല്‍ സൈനിക വിന്യാസം, ഇന്‍റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും വ്യാപിപ്പിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പ്രക്ഷോഭം തുടര്‍ച്ചയായ മൂന്നാം ദിവസത്തിലേക്ക്. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. ത്രിപുരയിലെ സമരക്കാരില്‍ ഒരു വിഭാഗം കേന്ദ്രം നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍ അസ്ഥാനത്താക്കിയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപ്പടരുന്നത്. അസം കരാറിലെ ആറാം ഷെഡ്യൂള്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ വ്യക്തമാക്കി. ബംഗാള്‍ നുഴഞ്ഞു കയറ്റക്കാരായ ഹിന്ദുക്കള്‍ക്കും പൗരത്വം അനുവദിക്കാനാവില്ലെന്ന നിലപാടില്‍ സംഘടന ഉറച്ചു നില്‍ക്കുകയാണ്. മൊബൈല്‍ വഴിയുള്ള ഇന്‍ര്‍നെറ്റ് സംവിധാനം പൂര്‍ണമായി നിര്‍ത്തലാക്കിയിട്ടും അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിളും പ്രക്ഷോഭം ശക്തമാകുകയാണ്.

ഗുവാഹതിയില്‍ മൂന്ന് പേര്‍ വെടിയേറ്റു മരിച്ച സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. 2000 സൈനികരെ കൂടി കേന്ദ്രം അസമിലേക്ക് അയക്കും. ആസു ഉള്‍പ്പടെയുള്ള സംഘടനകളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെയോ അമിത് ഷായുടെയോ പ്രസ്താവനകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം അടുത്ത 48 മണിക്കൂറിനകം സ്ഥിതിഗതികള്‍ ശാന്തമാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.

You must be logged in to post a comment Login