ഫസല്‍ വധം: ആര്‍എസ്എസ് പങ്ക് നിഷേധിച്ച് സുബീഷ്; പൊലീസ് മര്‍ദ്ദിച്ച് എടുത്ത മൊഴി; കുടുംബത്തെയടക്കം കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും സുബീഷ് പറഞ്ഞു. സംഘപരിവാറിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കുടുംബത്തെടയക്കം കുടുക്കുമെന്ന് ഭീഷണിപെടുത്തി.  പൊലീസ് നഗ്നാക്കി മര്‍ദ്ദിച്ചു. സ്വന്തം ഇഷ്ടപ്രകാരം മൊഴി നല്‍കിയിട്ടില്ല. ഡി.വൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാം, സദാനന്ദന്‍ എന്നിവരാണ് തന്നെകൊണ്ട് ഇങ്ങനെയുള്ള മൊഴി പറയിപ്പിച്ചത്. മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റേതെന്ന പേരില്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് അറിയില്ല. അങ്ങനെയൊരു ഫോണ്‍ സംഭാഷണവും താന്‍ നടത്തിയിട്ടില്ലെന്നും ഫസലിനെ തനിക്ക് അറിയില്ലെന്നും സുബീഷ് പറഞ്ഞു. ക്രൂരമായ മര്‍ദനമാണ് തനിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്. എരിവുള്ള വെള്ളം തലയിലൂടെ ഒഴിച്ചു, കെട്ടിതൂക്കി മര്‍ദിച്ചു, ജലപാനം പോലും നല്‍കാതെ  പൊലീസ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും സുബീഷ്  പറഞ്ഞു.

പൊലീസ് തയ്യാറാക്കിയ രീതിയിലുള്ള മൊഴി പറഞ്ഞാല്‍ പണവും ഭാര്യക്ക് ജോലിയും നല്‍കാമെന്ന വാഗ്ദാനം പോലും സി.പി.ഐ.എം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. മാത്രമല്ല പൊലീസുമായി സഹകരിച്ചില്ലെങ്കില്‍ ജീവിതം തകര്‍ക്കുമെന്നും ഒരിക്കലും ജയിലില്‍ നിന്നും ഇറങ്ങാത്ത രീതിയിലാക്കുമെന്ന തരത്തിലുള്ള ഭീഷണി ഉണ്ടായിരുന്നതായും സുബീഷ് ആരോപിച്ചു.

അറസ്റ്റിലാവുന്നതിന് മുമ്പ് തനിക്ക് പല കേസിലും ബന്ധമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . തന്റെ മൊഴിയെടുക്കുന്നതിനിടെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കമുള്ളവര്‍ പൊലീസ് സ്‌റ്റേഷിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. വീഡിയോയില്‍ എന്നെ മാത്രമാണ് കാണിക്കുന്നത്. അതിന്റെ പൂര്‍ണ രൂപം പുറത്ത് വിടാന്‍ തയ്യാറാവണമെന്നും സുബീഷ് ആവശ്യപ്പെട്ടു.

You must be logged in to post a comment Login