ഫഹദ് ഫാസിൽ-അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ചിത്രം ട്രാൻസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്റ്റേജിൽ പെർഫോം ചെയ്യുന്ന ഫഹദിൻ്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫഹദ് തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്.

ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്.

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമല്‍ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്.

വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

You must be logged in to post a comment Login