ഫാത്തിമയുടെ മരണം: വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ച് ഐഐടി.; സമരം പിൻവലിച്ച് വിദ്യാർഥികൾ

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മദ്രാസ് ഐഐടി. വിഷയത്തിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ഐഐടിയുടെ നിലപാട് മാറ്റം.

ഫാത്തിമയുടെ മരണത്തിൽ ഐഐടി ആഭ്യന്തര അന്വേഷണം നടത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം വിദ്യാർഥികൾ നിരാഹാരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ഡൽഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടൻ ആഭ്യന്തര അന്വേഷണകാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഡീൻ വിദ്യാര്‍ഥികൾക്ക് ഉറപ്പു നൽകിയത്.

ആവശ്യങ്ങൾ അംഗീകരിച്ചതോടെ വിദ്യാർഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണകാര്യത്തിന് പുറമെ എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും അധികൃതർ ഉറപ്പു നല്‍കിയിട്ടുണ്ട്. മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും.

അതേസമയം ഫാത്തിമയുടെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

You must be logged in to post a comment Login