ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ഉറപ്പുനല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമയുടെ മാതാപിതാക്കള്‍ക്കാണ് അമിത് ഷാ ഉറപ്പുനല്‍കിയത്. ഫാത്തിമയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.പാര്‍ലമെന്റ് ഹൗസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുളള എംപിമാരും പങ്കെടുത്തു. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ താത്പര്യം അനുസരിച്ചുളള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് സമാന്തരമായി സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഫാത്തിമയ്ക്ക് നീതി ലഭിക്കാന്‍ രണ്ട് അന്വേഷണവും നടക്കട്ടെയെന്ന ഉറപ്പാണ് അമിത് ഷായില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്നും ലത്തീഫ് ആരോപിച്ചിരുന്നു. ഇതില്‍ മലയാളികളുമുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. എന്‍ആര്‍ഐ മലയാളി വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

You must be logged in to post a comment Login