ഫാസ്‌ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം

കൊച്ചി: രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഫാസ്‌ടാഗ് സംവിധാനം ഇന്നു
മുതല്‍ നിലവില്‍ വരും. ടോള്‍ പ്ലാസകളില്‍ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ
ട്രാക്കുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഒറ്റ
വരിയില്‍ കൂടി മാത്രം പോകേണ്ടി വരും.

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കില്‍ കയറിയാല്‍ ഇരട്ടിത്തുക
ടോള്‍ നല്‍കേണ്ടി വരും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റവരി
മാത്രമാക്കുന്ന ടോള്‍ പ്ലാസകളില്‍ കിലോ മീറ്ററുകളോളം നീളുന്ന ട്രാഫിക്
ബ്ലോക്ക് സൃഷ്ടിക്കാനിടയാക്കും. എന്നാല്‍ ഫാസ്ടാഗ് സംവിധാനം കര്‍ശനമായി
നടപ്പാക്കാനാണു ടോള്‍ പ്ലാസകള്‍ക്ക് ദേശീയപാത അഥോറിറ്റി നല്‍കിയിരിക്കുന്ന
നിര്‍ദേശം.

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കാണുള്ളത്. ഇവയില്‍ അഞ്ചും ഇന്നു മുതല്‍ ഫാസ്ടാഗ് ട്രാക്കുകളായി മാറും. ദിവസം അരലക്ഷത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ ഇവയില്‍ പന്ത്രണ്ടായിരം എണ്ണത്തിനു മാത്രമേ ഫാസ്‌ടാഗ് ഉള്ളൂ..

നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതു രണ്ടുഘട്ടമായി
നീട്ടുകയായിരുന്നു. ആദ്യം ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ്
നടപ്പാക്കാനായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ഫാസ്ടാഗ്
നടപ്പാക്കുന്നത് പിന്നീട് ഡിസംബര്‍ 15ലേക്കു മാറ്റി. തീരുമാനം വീണ്ടും
ഒരുമാസത്തേക്കു നീട്ടുകയായിരുന്നു. 75 ശതമാനം വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക്
മാറിയിട്ടില്ലാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ ഗതാഗതക്കുരുക്കിന്
കാരണമാകുമെന്നു കണ്ടാണു തീരുമാനം നീട്ടിയത്.

രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളിലെ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ്
സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്കു
ടോള്‍പ്ലാസയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക വരി വഴി കടന്നുപോകാം. പഴയ
വണ്ടികള്‍ക്കു ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതാണു ഡിസംബര്‍
ഒന്നോടെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

You must be logged in to post a comment Login