ഫാ.ടോമിന്റെ മോചനദ്രവ്യമായി വന്‍തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വിഡിയോ

fr tom00
ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായി സൂചന. ഫാദര്‍ ടോം തന്നെയാണ് വീഡിയോയില്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നത്. എന്നാല്‍ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.

ഫാദര്‍ ടോമിനെ ദുഃഖവെള്ളി ദിനത്തില്‍ കുരിശിലേറ്റി കൊലപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അബുദാബി രൂപതാ അധികൃതര്‍ അറിയിക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് അറിയിച്ചിരുന്നു.

ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് അബുദാബിയിലെ സഭാനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും കുടുംബാംഗങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു.

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിനെ ഈമാസം ആദ്യം യെമനിലെ ഒരു വൃദ്ധസദനത്തില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദര്‍ ടോമിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

You must be logged in to post a comment Login