ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സൗകര്യമുളള ആപ്പിള്‍ ഐഫോണ്‍?

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 എസില്‍ ഉടമയെ തിരിച്ചറിയുംവിധത്തിലുള്ള ഫിഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളതായി സൂചന. കമ്പനിയുടെ ഏറ്റവും പുതിയ ഐഒഎസ് 7 സോഫ്റ്റ്‌വെയര്‍ പുറത്തുവിട്ട ബീറ്റാ റിലീസിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഐഫോണ്‍ 5എസിലോ അല്ലെങ്കില്‍ ഐഫോണ്‍ 6ലോ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

appleയൂസര്‍ തന്റെ വിരല്‍കൊണ്ട് ഹോം ബട്ടനില്‍ അമര്‍ത്തുന്നതായി ബീറ്റാ കോഡ് വിശദമാക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും അത് ഉടമയുടേതാണെന്ന് കാണിക്കാന്‍ നിറം മാറ്റുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബയോമെട്രിക് കിറ്റ് എന്നറിയപ്പെടുന്ന ഒരു ഫോള്‍ഡറും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്.ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സെക്യൂരിറ്റി ചെക്കിനുവേണ്ടിയായിരിക്കും ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കില്‍ ആപ്പ് സ്‌റ്റോറില്‍ നടത്തുന്ന പെയ്‌മെന്റുകള്‍ക്കു വേണ്ടിയായിരിക്കാം. അതുമല്ലെങ്കില്‍ ഫോണ്‍ മോഷ്ടിക്കപ്പെടുന്നതോ അതിലെ സന്ദേശങ്ങള്‍ വായിക്കുന്നതോ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതോ തടയുന്നതിന് വേണ്ടിയാകാമെന്നുമാണ് വിദഗ്ധാഭിപ്രായം.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 5 വിപണിയിലെത്തുന്നതിനുമുമ്പ് അതില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ അന്ന് ഫിംഗര്‍ പ്രിന്റ് സൗകര്യം ഇല്ലാതെയാണ് ഐ5 എത്തിയത്.അതോടെയാണ് പുതിയ വേര്‍ഷനുകളില്‍ അവ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷയുയര്‍ന്നിരിക്കുന്നത്.

 

 

You must be logged in to post a comment Login