ഫെയ്‌സ്ബുക്കില്‍ അനോണിമസ് ലോഗിന്‍ സൗകര്യം വരുന്നു

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ ലോഗിന്‍ സംവിധാനവുമായി ഫേസ്ബുക്ക്. സ്വകാര്യ വിവരങ്ങള്‍ നല്‍കാതെ തന്നെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാമെന്നതാണ് പുതിയ അനോണിമസ് ലോഗിന്റെ പ്രധാന ഗുണം.  തങ്ങളുടെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഫേസ്ബുക്ക് വിവരം പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന മറ്റ് ആപ്പുകളില്‍ ഒരൊറ്റ ക്ലിക്കിന് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ കൈമാറുമായിരുന്നു. ഫേസ്ബുക്ക് അനോണിമസ് ലോഗിന്‍ വഴി മറ്റ് ആപ്പുകളിലേക്ക് കയറുമ്പോള്‍ യൂസര്‍ നെയിമും പാസ്‌വേഡും മാത്രം നല്‍കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും പങ്കുവെക്കണമെങ്കില്‍ അക്കാര്യം ഉപഭോക്താക്കള്‍ക്ക് പിന്നീട് തീരുമാനിക്കാനും ഓപ്ഷനുണ്ട്. 2014 ഏപ്രില്‍ 30നാണ് അനോണിമസ് ലോഗിനെക്കുറിച്ച് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഇപ്പോള്‍ അനോണിമസ് ലോഗിന്‍ ടെസ്റ്റിംഗിന്റെ അവസാനഘട്ടത്തിലാണെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്.
തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ ആശങ്കയുണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പുതിയ അനോണിമസ് ലോഗിനുമായി എത്തിയിരിക്കുന്നത്.
ഫേസ്ബുക്കിന് നല്‍കിയ വ്യക്തിപരമായ വിവരങ്ങള്‍ മറ്റ് ആപ്പുകളുമായി പങ്കുവെക്കുന്നതില്‍ മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് വിവേചനാധികാരം ഉണ്ടാവുക. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഇനിയും ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിക്കാനാകൂ. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക് സൂക്ഷിക്കുമെങ്കിലും മറ്റ് ആപ്പുകള്‍ക്ക് കൈമാറുന്നതില്‍ മാത്രമായിരിക്കും നിയന്ത്രണം.
കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വഴി 10 ബില്യണ്‍ തവണയാണ് മറ്റ് ആപ്പുകളിലേക്ക് ഉപഭോക്താക്കള്‍ കടന്നത്. ഫേസ്ബുക്ക് അനോണിമസ് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതില്‍ നിന്നും ആപ്പുകളെ വിലക്കുകയും ചെയ്യും.

You must be logged in to post a comment Login