ഫെയ്‌സ്ബുക്ക് മേധാവിക്ക് ശമ്പളം ഒരു ഡോളര്‍

സമ്പന്നരില്‍ സമ്പന്നനാണ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ്. പക്ഷേ, അദ്ദേഹത്തിന് ഒരു മാസം കിട്ടുന്ന ശമ്പളം ഒരു ഡോളര്‍, അതായത് 60 രൂപ. 2012 ല്‍ 5.03 ലക്ഷം ഡോളര്‍ അടിസ്ഥാന ശമ്പളം കൈപ്പറ്റിയ സ്ഥാനത്താണ് 2013 ല്‍ വെറും ഒരു ഡോളറിലേക്ക് തിരിഞ്ഞത്.

സക്കര്‍ബര്‍ഗിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫെയ്‌സ്ബുക്ക് ശമ്പളം വെട്ടിക്കുറച്ചത്. ഇതോടെ ‘ഒരു ഡോളര്‍ ശമ്പള ക്ലബ്ബി’ല്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇദ്ദേഹം. ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ 23 ാം സ്ഥാനത്താണ് 29 കാരനായ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2530 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത്, ഏതാണ്ട് 1.5 ലക്ഷം കോടി രൂപ. ആപ്പിള്‍ സി.ഇ.ഒ ആയിരുന്ന സ്റ്റീവ് ജോബ്‌സാണ് ഒരു ഡോളര്‍ ശമ്പള മാതൃകയ്ക്ക് തുടക്കമിട്ടത്.

സ്റ്റീവിന്റെ മാതൃക പിന്‍പറ്റി പിന്നീട് ഒട്ടേറെ കോര്‍പ്പറേറ്റ് മേധാവികള്‍ ശമ്പളം വെട്ടിക്കുറച്ചു. ഗൂഗിള്‍ മേധാവികളായ ലാറി പേജും സെര്‍ജി ബ്രിന്നുമാണ് ഒരു ഡോളര്‍ ശമ്പള ക്ലബ്ബിലെ മറ്റു പ്രമുഖര്‍.

You must be logged in to post a comment Login