ഫേസ്‍‍ലിഫ്റ്റുമായി എത്തുന്ന പുതിയ മാരുതി സിയാസിന്‍റെ ബുക്കിങ് ആരംഭിച്ചു

 

ന്യൂഡൽഹി: മുഖംമാറ്റവുമായി എത്തുന്ന പുതിയ മാരുതി സുസുക്കി സിയാസിന്‍റെ ബുക്കിങ് ആരംഭിച്ചു. കമ്പനി ഔദ്യാഗികമായി ബുക്കിങ് ആരംഭിച്ച വിവരം അറിയിച്ചിട്ടില്ലെങ്കിലും മിക്ക നെക്സ ഡീലര്‍ഷിപ്പുകളും വാഹനത്തിന്‍റെ പ്രീ-ബുക്കിങ് സ്വീകരിച്ചുതുടങ്ങി.

വാഹനത്തിന്‍റെ പ്രീ-ബുക്കിങിനായി 11,000 രൂപയാണ് ഡീലര്‍മാര്‍ സ്വീകരിക്കുന്നത്. പ്രതീക്ഷിച്ചതിലും വൈകിയാണ് വാഹനം നിരത്തിലെത്തുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ മുൻപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് പകുതിയോടെ വാഹനം പുറത്തിറങ്ങുമെന്നാണ് സൂചന.

പുതിയ മുൻഗ്രിൽ, അണ്ടര്‍ലൈനിങ് എൽഇഡി ഡേടൈം റണ്ണിങ് സംവിധാനത്തോടുകൂടിയ പുതിയ ഹെഡ്‍‍ലാംപുകള്‍, പുതിയ ടെയ്ൽ ലാംപുകള്‍ തുടങ്ങിയവയാണ് വാഹനത്തിലെ മാറ്റങ്ങള്‍. കാറിന്‍റെ മൊത്തത്തിലുള്ള രൂപത്തിൽ മാറ്റമുണ്ടാകില്ല. സുസുക്കിയുടെ സ്മാര‍്ട്‍‍പ്ലേ ഇൻഫോടെയ്ൻമെൻ്റ് സംവിധാനം ഉള്‍പ്പെടെയുള്ളവയും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന.

1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എൻജിൻ വാഹനത്തിൽ തുടരുമെങ്കിലും 1.4 ലിറ്റര്‍ പെട്രോള്‍ എൻജിനു പകരം മാരുതിയുടെ ഏറ്റവും പുതിയ 104 പിഎസ്, 1.5 ലിറ്റര്‍ ഹൈബ്രിഡ് എൻജിൻ വാഹനത്തിൽ സ്ഥാനം പിടിക്കും. ഹ്യൂണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, ഫോക്സ്‍‍വാഗൺ വെൻ്റോ, സ്കോഡ റാപ്പിഡ് എന്നിവയോട് കിട പിടിക്കുന്ന പുതിയ മോഡലിന് 8 ലക്ഷം രൂപയ്ക്കും 13 ലക്ഷം രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിക്കുന്ന വില.

You must be logged in to post a comment Login