ഫേസ് ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഫേസ് ആപ്പ്. പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കും എന്നാണ് ഫേസ് ആപ്പ് കാണിച്ചു തരുന്നത്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണിത്.
ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാന്‍ വരെ ഫേസ് ആപ്പില്‍ സാധിക്കും. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

നടന്‍ നീരജ് മാധവാണ് ആദ്യം ഫേസ് ആപ്പ് ഉപയോഗിച്ച് മഞ്ജു വാര്യരെ ചലഞ്ചിന് ക്ഷണിച്ചത്. നടന്മാരായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പമാണ് നീരജ് മഞ്ജുവിനെ ഫേസ് ആപ്പിലേക്ക് ക്ഷണിച്ചത്. പിന്നാലെ മഞ്ജുവും തന്റെ ഫേസ് ആപ്പ് ചിത്രം പങ്കുവച്ചു. ‘എന്നാ പിന്നെ ഞാനും ചലഞ്ച് അക്സപ്റ്റഡ്’ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവച്ചത്.

റഷ്യന്‍ ഡവലപ്പര്‍മാര്‍ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഫേസ് ആപ് ലഭിക്കും. മൂന്ന് ദിവസം മാത്രമേ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാനാകൂ. ഐ.ഒ.എസില്‍ പ്രതിവര്‍ഷ ആപ്ലിക്കേഷന്‍ വരിസംഖ്യ ഏകദേശം 1699 രൂപ വരും.

അതേസമയം, ഫേസ് ആപ് ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ ലൈബ്രറിയിലേക്ക് ആക്സസിനുള്ള സമ്മതം നല്‍കണം. ഇത് സുരക്ഷിതമല്ലെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ടെക് വെബ് സൈറ്റായ techcrunch.com റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇത്തരത്തില്‍ അനുമതി നല്‍കിയാല്‍ യൂസര്‍മാരുടെ ഫോട്ടോ ലൈബ്രറിയിലെ ഏതു ചിത്രവും എടുത്ത് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഡേവലപര്‍ക്ക് പരിശോധിക്കാനാകും. ഏത് ചിത്രമാണ് ഡേവലപര്‍മാര്‍ക്ക് ആപിന്റെ പ്രവര്‍ത്തന ക്ഷമത പരീക്ഷിക്കാന്‍ നല്‍കുകയെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാന്‍ കഴിയണമെന്നും ടെക്ക്രഞ്ച് നിര്‍ദേശിക്കുന്നു.

You must be logged in to post a comment Login