ഫൈനലിൽ സംഭവിച്ചത് വൻ അബദ്ധം? റൺസ് അനുവദിച്ചതിൽ പിഴവെന്ന് ക്രിക്കറ്റ് വിദഗ്ദർ

 

ലണ്ടൻ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലുകളിൽ ഒന്നിനാണ് ഇന്നലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിച്ചപ്പോൾ എല്ലാ അർഥത്തിലും സമനിലയായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതാണ് ഒടുവിൽ ജേതാക്കളെ നിശ്ചയിച്ചത്. മത്സരത്തിനിടെ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സിൻെറ ബാറ്റിൽ തട്ടി പന്ത് ഫോറായത് നിർണായക നിമിഷമായിരുന്നു.

ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് പന്തിൽ നിന്ന് ഒമ്പത് റൺസ് വേണ്ടിയിരുന്നപ്പോഴാണ് സംഭവം. മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ ത്രോ സ്റ്റോക്സിൻെറ ബാറ്റിൽ തട്ടി ഫോറായി. ഓവർ ത്രോ അടക്കം ഇംഗ്ലണ്ടിന് അനുവദിച്ചത് ആറ് റൺസ്. ആ റൺസാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയിലെത്താൻ സഹായിച്ചത്. ഒരുപക്ഷേ ആ ഓവർ ത്രോ റൺസ് ഇല്ലായിരുന്നുവെങ്കിൽ ന്യൂസിലൻറ് കിരീട ജേതാക്കളായേനെ.

എന്നാലിപ്പോൾ ആ റൺസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം കത്തുകയാണ്. ഐസിസി നിയമപ്രകാരം ആറ് റൺസ് അനുവദിച്ചതിൽ അപാകതയുണ്ടെന്ന് ക്രിക്കറ്റ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയൻ അമ്പയർ സൈമൺ ടൗഫൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബാറ്റ്സ്മാൻമാർ ഒരു രണ്ടാം റൺസ് പൂർത്തിയാക്കിയിരുന്നില്ലെന്നും ഇത് അനുവദിച്ച ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച അമ്പയർ വലിയ അപരാധമാണ് ചെയ്തതെന്ന് ടൗഫൽ പറയുന്നു. “ആറ് റൺസിന് പകരം അഞ്ച് റൺസാണ് അനുവദിക്കേണ്ടിയിരുന്നത്,” അദ്ദേഹം ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയോട് പറഞ്ഞു. സ്റ്റോക്സിന് പകരം ആദിൽ റാഷിദായിരുന്നു അവസാന ഓവറിലെ അഞ്ചാം പന്തിൽ ബാറ്റ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിൽ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login