ഫോട്ടോയില്‍ നിന്നു അടര്‍ന്നു വീണ വാക്കുകള്‍

  • അഖില്‍ സി.വി.

Weekend-June-111

കഴിഞ്ഞുപോയ നിമിഷത്തിന്റെ അനശ്വരമായ ഓര്‍മ്മകളെ നിശ്ചലമാക്കി വിരല്‍ തുമ്പില്‍ ആവാഹിക്കുന്ന ദൃശ്യങ്ങള്‍ ആണ് ജിഫിന്റെ ഫോട്ടോകള്‍. തുടര്‍ന്ന് അനുബന്ധമായ ഓരോ കവിതകളിലും നിത്യഹരിതമായ തുടിക്കുന്ന ചില ഓര്‍മ്മകളുണ്ട്. കടലും വറ്റിയ നിളയും പൂമ്പാറ്റയും വരെ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയുടെ ആത്മാവിനെകൊച്ചു ഹൈക്കു കവിതകളിലൂടെ വീണ്ടും ആവാഹിക്കുകയാണ് ജിഫിന്‍ ജോര്‍ജ്ജ് എന്ന ന്യൂജന്‍ കവി.

ഫോട്ടോഗ്രഫിയും കവിതയും സമന്വയിപ്പിച്ചു കൊണ്ട്, ഒരു ഫോട്ടോയും അതിന് അനുബന്ധമായി കൊച്ചുകവിതയും എഴുതുന്ന പുതിയ ആവിഷ്‌ക്കാരമാണ് ഫോട്ടോകവിതകള്‍. ലോകത്ത് പല രീതിയില്‍ പല കോണിലൂടെ കാണുന്ന കാഴ്ചകള്‍ നമ്മുടെ കണ്ണിലൂടെ, ഫോട്ടോഗ്രഫിയിലൂടെ പകര്‍ത്തപ്പെടുമ്പോള്‍ ദൃശ്യത്തിന് ഒരു ഭാഷ കൈവരുന്നു. ആ ദൃശ്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് നാലു മുതല്‍ ആറ് വരെ വരികളുള്ള കൊച്ചുകവിത ആവിഷ്‌ക്കരിക്കപ്പെടുകയും പിന്നീട് ഫോട്ടോയും കവിതയും ഒരുമിച്ചു ചേര്‍ത്താണ് ഫോട്ടോ കവിത ആവിഷ്‌ക്കരിക്കുന്നത്. കാവ്യരംഗത്ത് ജനപ്രിയ സാഹിത്യത്തിന്റെ, പോപ്പുലര്‍ പോയട്രിയുടെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങള്‍. ജിഫിന്റെ ഫോട്ടോ കവിതകള്‍ ഇതിനോടകം തന്നെ സാഹിത്യലോകത്ത് വളരെയേറെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍വെച്ചു നടന്ന മലയാള കവിതയുടെ ഏറ്റവും വലിയ ആഘോഷമായ കവിതാ കാര്‍ണിവലിലായിരുന്നു ജിഫിന്റെ ഫോട്ടോ കവിതയുടെ ആദ്യ പ്രദര്‍ശനം നടന്നത്.

ഫോട്ടോയും കവിതയും ചേര്‍ത്തെഴുതിയ ഫോട്ടോ കവിതകള്‍ എന്ന കാവ്യ രീതി സഹൃദയര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു.പ്രകൃതിയും പ്രണയവും അതിജീവനവും പ്രമേയമാക്കി എഴുതിയ കവിതയും പ്രേക്ഷകന്‍ നെഞ്ചിലേറ്റി. ചിലരതു ഫേസ്ബുക്കിലൂടെയും വാട്‌സാപ്പ് സ്റ്റാറ്റസായി ഇട്ടും പുറം ലോകത്തില്‍ പങ്കുവെച്ചു. സാഹിത്യവും കവിതകളും എന്നും കീറാമുട്ടിയായി കരുതിയിരുന്ന ആളുകള്‍ക്കും വായനയില്‍ പൊതുവേ താല്പര്യക്കുറവുള്ള പുതിയ തലമുറയ്ക്കും എല്ലാം ഇടയില്‍ ജിഫിന്റെ ഫോട്ടോ കവിതകള്‍ സ്വീകരിക്കപ്പെട്ടു. കഥകളെ ചിത്രകഥകളാക്കുമ്പോള്‍ നെഞ്ചോട് ചേര്‍ക്കുന്ന ബാല്യങ്ങളെ പോലെ, കവിതയെ ഫോട്ടോ കവിതകളാക്കിയ ഈ കാവ്യരീതിയും കവിത ഇഷ്ടപ്പെടാത്തവര്‍ക്കു പോലും പുത്തന്‍ അനുഭവമാണ് നല്‍കിയത്. ഇതിന് മികച്ച പ്രതികരണം പല കോണില്‍ നിന്നുമുണ്ടായി പ്രദര്‍ശനം കാണാനെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവികള്‍ക്കും അതൊരു പുതിയ അനുഭവമായി. കവിയായ ജയശീലന്‍ മാഷ് തന്റെ ഭാര്യയ്ക്കു വേണ്ടി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തതു തന്റേതിനേക്കാള്‍ മികച്ച കവിതയായി അനുഭവപ്പെട്ടതായി ജിഫിന്‍ പറയുന്നു. ‘മലയാള കവിതയിലെ കട്ടപ്പന യിലെ ഋതിക് റോഷനെന്നാണ്്’ ജിഫിനോടൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കവി ശ്രീകുമാര്‍ കരിയാട് എഴുതിയത്.

പ്രദര്‍ശനം കാണാനെത്തിയ പ്രശസ്ത കവി കെ.ജി ശങ്കരപ്പിള്ളയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”പണ്ട് അയോധ്യയും ബംഗാളും എഴുതിയ കാലത്ത് എന്റെ വരികള്‍ മഹാരാജാസിന്റെ ചുവരുകളില്‍ എഴുതി വച്ചിരുന്നു. അന്ന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു. ഉത്തരാധുനിക കാലത്തെ എഴുത്തില്‍ അവനവന്റേതായ രാഷ്ട്രീയം ഓരോ കവിതയും പറയുന്നുണ്ട്. ‘ആ വാക്കുകള്‍ ജിഫിനു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. പുതിയ കാലത്തെ നവീന ആശയങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഫോട്ടോ കവിതകള്‍ വിജയിക്കുന്നു. ‘നിന്റെ കാല്‍ക്കീഴില്‍ എല്ലാം കവരാന്‍ തന്നു, ഒഴുക്കു നിലച്ചൊരു പാവം പെണ്ണ് ‘,വറ്റിവരണ്ട നിളയുടെ ചിത്രത്തിനരികിലും ജിഫിന്റെ കവിതയില്‍ കൃത്യമായ എക്കോഫെമിനിസമുണ്ട് കഴിഞ്ഞ നാലുമാസത്തിനിടയില്‍ പതിനഞ്ചിലധികം പ്രദര്‍ശനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി നടന്നു. ഗോവ മഹോത്സവം മുതല്‍ കുടുംബശ്രീ പരിപാടികളില്‍ വരെ ഫോട്ടോ കവിതാ പ്രദര്‍ശനങ്ങള്‍ മികച്ച സ്വീകാര്യത നേടി.

ഫോട്ടോ കവിതയെന്ന ആശയം ഉടലെടുത്തത് യാദൃശ്ചികമായിരുന്നു. എഴുത്ത് മാസികയുടെ സബ് എഡിറ്ററായി ജോലി ചെയ്യുമ്പോള്‍ ചീഫ് എഡിറ്ററും കവിയുമായ വി.ജി തമ്പിയാണ് പ്രസിദ്ധീകരണത്തിനായി വന്ന ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ഫോട്ടോ കവിതകളില്‍ മികച്ചതു തെരഞ്ഞെടുക്കാന്‍ ജിഫിനോട് ആവശ്യപ്പെട്ടത്. തലക്കെട്ടുകള്‍ ഇല്ലാതെ തികച്ചും കലാമൂല്യമുള്ള ഒന്നായിട്ടാണ് അത് അനുഭവപ്പെട്ടത്. ഇതിലും മികച്ച രീതിയില്‍ എങ്ങനെ അവതരിപ്പിക്കാമെന്ന് ആലോചിച്ചപ്പോഴാണ് ഫോട്ടോ കവിതാ പ്രദര്‍ശനം എന്ന ആശയം രൂപം കൊണ്ടത. തുടര്‍ന്ന് പ്രകൃതിയും പ്രണയവും അതിജീവനവും പ്രമേയമാക്കി മൊബൈല്‍ ഫോണിലും ക്യാമറയിലും എടുത്ത ചിത്രങ്ങള്‍ സുഹൃത്തുക്കളായ സന്ധ്യാ പദ്മ, ബബിത, വിവേക് ശര്‍മ്മ തുടങ്ങിയവര്‍ നല്‍കിയ ചിത്രങ്ങള്‍ക്കു കവിത എഴുതി സന്തോഷ് പൂക്കുന്നേലിന്റെ ഗ്രാഫിക്‌സും കവി കൂടിയായ ജോയ് ജോസഫ് തിരുമുടിക്കുന്നിന്റെ എഡിറ്റിങ്ങും അടക്കം ഒരു കൂട്ടായ സര്‍ഗ്ഗ പരിശ്രമത്തിന്റെ ഭാഗമായിരുന്നു ആദ്യ പ്രദര്‍ശനം. അയയില്‍ തൂക്കി ഉണക്കാനിട്ട കവിതകളെന്ന രീതിയിലുള്ള ഇന്‍സ്റ്റാലേഷന്‍ സങ്കല്പത്തിനും ജീവിതവുമായി ബന്ധമുണ്ട്്.

അയ്യപ്പപണ്ണിക്കരിലൂടെ ഒക്കെ മലയാളത്തില്‍ തുടക്കമിട്ട ആധുനികതയിലെ കാവ്യപരീക്ഷണങ്ങളെ തികച്ചും ജനപ്രിയമായ കാവ്യസംസ്‌കാരത്തോട് ന്യൂജന്‍ കാല കവിതയില്‍ ജിഫിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കവിതയിലെ പുതുതലമുറ കവികള്‍ ഒരുപക്ഷേ ചങ്ങമ്പുഴയുടെ കാലത്തിനു ശേഷം വീണ്ടുമൊരു കാവ്യവസന്തം വന്നതും ഇത്രയേറെ കവികളുണ്ടായതും ന്യൂജന്‍ കാലത്തായിരിക്കും. ഫെയ്‌സ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ധാരാളം കവികള്‍ വരുന്നു. വീട്ടമ്മമാര്‍, പ്രവാസികള്‍, തൊഴിലാളികള്‍ തുടങ്ങി അക്കാദമിക് ഇതര രംഗത്ത് നിന്ന് വരെയുള്ള കവികളുടെ വരവ് കവിതയെ വളര്‍ത്തുന്നുണ്ട്.പലരും കവിതയില്‍ പോയട്രി ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള പുതു പ്രവണതകള്‍ കാണിക്കുന്നുമുണ്ട്്. എന്നാല്‍ ഫോട്ടോകവിത പോലെ നൂതനവും ജനകീയവുമായൊരു കൊച്ചു ഇന്‍സ്റ്റലേഷന്‍ ന്യൂജന്‍ കാലത്തെ കവിതയിലെ പുതുവഴി തന്നെയാണ്.

പുതുകാലത്തിന്റെ കവിതയെക്കുറിച്ച് ജിഫിനു കൃത്യമായ നിലപാടുകളുണ്ട്. എഫ്ബിയിലും കവിയരങ്ങുകളിലും ചേര്‍ന്ന് കവിതയും കവികളും നടത്തുന്ന അതിജീവനം വലുതാണ്. സോഷ്യല്‍ മീഡിയ സ്‌പേസുകള്‍ ജനാധിപത്യപരവും ബഹുസ്വരവുമാണ്, പക്ഷെ ഒരിക്കലും സോഷ്യല്‍ മീഡിയാ പുരോഗമനപരമല്ല. മനുഷ്യന്‍ ഹൃദയം കൊണ്ട് സംസാരിക്കുന്ന ‘ഭാഷയാണ് കവിത ചന്തമുതലാളിത്തത്തിന്റെ ലോകത്ത്് പുറത്താക്കപ്പെട്ടവന്റെ തിരസ്‌ക്കരിക്കപ്പെട്ടവന്റെ അതിജീവനത്തിനുള്ളതായിട്ടാണ് ഓരോ കവിതകളും. ഒരു നദി മാത്രമെന്നു പറയുന്ന മുതലാളിത്ത അധികാരത്തെ പല നദികളാക്കി ഒഴുക്കുന്നതാണ് കവിതയുടെ പ്രത്യയശാസ്ത്രം. കവിതകളും കവികളും മലയാളത്തില്‍ ഏറെയുണ്ടായിട്ടും കവിതയ്ക്ക് സമൂഹത്തെ സ്പര്‍ശിക്കാനാവുന്നില്ല. അല്‍പ്പന്‍മാരുടെ ആകാശഗംഗയായി മലയാള സാഹിത്യം മാറുന്നു. ഇവിടെ കവികള്‍ കരിയറിസ്റ്റുകള്‍ ആകുന്നു.

നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള കലഹത്തില്‍ നിന്നും കവിതയെന്ന മാധ്യമത്തെ വ്യത്യസ്തമായി എങ്ങനെ അവതരിപ്പിക്കാമെന്ന ചിന്തയില്‍ നിന്നുമാണ് പ്രകൃതി, പ്രണയം, പ്രതിരോധം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി ഫോട്ടോ കവിത അവതരണത്തിനുള്ള ആശയം കടന്നുവന്നത്. പ്രകൃതിയുമായുള്ള ബന്ധത്തെപ്പറ്റി കവിതയെപ്പറ്റി സാമൂഹ്യ പ്രതിബന്ധതയുള്ള പാരിസ്ഥിതിക ആത്മീയതയുള്ള കാഴ്ചപ്പാട് ജിഫിന്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘മണ്ണില്‍ തൊട്ടു വളര്‍ന്നു ജീവിച്ചു മരിക്കാന്‍ കൊതിക്കുന്ന മനുഷ്യനാണ് ഞാന്‍. നമ്മള്‍ ആദ്യം പഠിക്കുന്ന ‘കാക്കേ, കാക്കേ കൂടെവിടെ’, ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍’ തുടങ്ങിയ വരികള്‍ എല്ലാം തന്നെ ആദ്യം കാണിച്ചു തരുന്നത് ജീവിക്കുന്ന പ്രകൃതിയേയും ജീവജാലങ്ങളെയുമാണ്.’

മലയാളിയുടെ സംസ്‌കാരം പ്രകൃതിയെ പ്രണയിച്ചുണ്ടായതാണ്. പ്രകൃതിയില്‍ നിന്നു മാറി നമ്മള്‍ കൂറ്റന്‍ കെട്ടിടങ്ങളെയും പണത്തെയും പ്രണയിക്കാന്‍ തുടങ്ങിയ കാലത്താണ് നമ്മുടെ പെണ്ണുപോലും സ്ത്രീധനം കൊടുത്ത് വാങ്ങാവുന്ന ചരക്കായ കാലത്താണ് നമ്മുടെ മണ്ണും പെണ്ണും ചരക്കായത്. ജിഫിന്റെ നിരീക്ഷണങ്ങള്‍ പുതിയ കാലത്തിന്റെ പുതുതലമുറയുടെ പ്രത്യശാസ്ത്ര നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. കെ.ജി. എസ് അഭിപ്രായപ്പെട്ടതുപോലെ സ്വതന്ത്രമായ അസ്തിത്വം കൈവരുന്നത് കവിതയുടെ ആശയരൂപത്തില്‍ സഹൃദയനോടു സംവദിക്കുന്ന ഇത്തരം നിലപാടുകളില്‍ തന്നെയാണ്.

സംഭാഷണാവസാനം ജിഫിന്‍ ഓര്‍മ്മിപ്പിച്ച വരികള്‍ നെരൂദയുടേതായിരുന്നു. ”നിങ്ങള്‍ ജനാലകള്‍ തുറന്നു പോകുക. പക്ഷികളേയും മൃഗങ്ങളോടും സംസാരിക്കുക കടലിലും മലയിലുമായിരിക്കുക.” പ്രകൃതിയോടു സംവദിക്കുന്ന നിമിഷങ്ങളിലാണ് മനുഷ്യന്റെ ഏറ്റവും സര്‍ഗ്ഗാത്മകമായ ജീവന്റെ തുടിപ്പുണ്ടാകുന്നത് അത് മനുഷ്യനില്‍ നിന്നേ തുടങ്ങാനാകൂ. മുതലാളിത്തവും മതഫാസിസവും പിടിമുറുക്കിയ കേരളത്തില്‍ പ്രകൃതിയെ പ്രണയത്തെ പുരോഗമന ഇടങ്ങളെ തിരിച്ചു പിടിക്കേണ്ടതുണ്ട്.

You must be logged in to post a comment Login