ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക; അശ്ലീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നും പരാതിക്കാരി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക. മന്ത്രിയായിരിക്കെ ഓഫീസില്‍ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഫോണിലൂടെ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ലെന്നും യുവതി പറഞ്ഞു. കേസില്‍ തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാധ്യമ പ്രവര്‍ത്തക പിന്‍വലിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയില്‍ പ്രതികരണം തേടിയെത്തിയ സ്വകാര്യ ചാനല്‍ പ്രവര്‍ത്തക തന്നോട് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും അശ്ലീല പദപ്രയോഗം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഫോണ്‍ വിളിച്ചും മോശമായി സംസാരിച്ചെന്ന് ആരോപിച്ചിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

You must be logged in to post a comment Login