ഫ്രഞ്ച് ഇതിഹാസം ഫുട്‌ബോളിലേയ്ക്ക് തിരിച്ചെത്തുന്നു; ഇത്തവണ യുണൈറ്റഡിലേക്കോ? ഉറ്റുനോക്കി ആരാധകര്‍

റയല്‍ മാഡ്രിഡിന്റെ മികച്ച പരിശീലകനായിരുന്നു സിനദിന്‍ സിദാന്‍. ചാംപ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക്ക് നേടികൊടുത്ത സിദാന്‍ റയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. റയലിനോട് വിട പറഞ്ഞതോടെ പിന്നീട് കണ്ണുകളെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നേരെയായിരുന്നു.

ഹോസെ മൊറീഞ്ഞോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി സിദാനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ സിദാന്‍ തിരിച്ച് വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഏത് ടീമിലേക്കാണ് തിരിച്ച് വരുന്നതെന്ന് ഫ്രഞ്ച് ഇതിഹാസം വെളിപ്പെടുത്തിയിട്ടില്ല.

പരിശീലനത്തിലേക്ക് മടങ്ങും. കാരണം ഫുട്ബാള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്ബാളാണ് എന്റെ ജീവിതത്തില്‍ എല്ലാം സിദാന്‍ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൊറീഞ്ഞോയാണ്. ടീം മാനേജ്‌മെന്റ് ആയും താരങ്ങളുമായും പരിശീലകന്റെ ബന്ധം വഷളായതായും റിപ്പോര്‍ട്ടുകളുണ്ട്. മൊറീഞ്ഞോ ക്ലബ്ബ് വിടും എന്ന വാര്‍ത്തകള്‍ നില്‍ക്കെയാണ് സിദാന്റെ കടന്നുവരവ്.

2014ലാണ് സിദാന്‍ പരിശീലകന്റെ റോളില്‍ എത്തുന്നത്. റയല്‍ മാഡ്രിഡ് ബി ടീമിനെ പരിശീലിപ്പിച്ച ഫ്രഞ്ച് ഇതിഹാസ താരം 2016ല്‍ ഫസ്റ്റ് സ്‌ക്വാഡിന്റെ ചുമതലയേറ്റെടുത്തു. ഈ സീസണില്‍തന്നെ കോച്ചിങ് ആരംഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

You must be logged in to post a comment Login