ബംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. അനെക്കല്‍ ജില്ലയിലെ ബിജെപി കൗണ്‍സിലറും ദലിത് നേതാവുമായ ശ്രീനിവാസ് പ്രസാദാണ് കൊല്ലപ്പെട്ടത്. കിതഗ്‌നഹള്ളി വാസു എന്ന പേരിലാണ് ശ്രീനിവാസ് പ്രസാദ് അറിയപ്പെടുന്നത്.

ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ വാസുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് വിനീത് സിങ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലും ഇവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രണ്ടു വര്‍ഷത്തിനിടെ പത്തിലധികം ആര്‍എസ്എസ്- ബിജെപി-വിഎച്ച്പി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്ന് ആര്‍എസ്എസ് മീഡിയാ കോഡിനേറ്റര്‍ രാജേഷ് പദ്മകുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീനിവാസ് പ്രസാദ് സൗമ്യ സ്വഭാവിയും ഒരു കേസില്‍ പോലും അകപ്പെടാത്ത ഇല്ലാത്ത വ്യക്തിയുമായിരുന്നെന്ന് രാജേഷ് പദ്മകുമാര്‍ പറഞ്ഞു.

You must be logged in to post a comment Login