ബംഗാളില്‍ നിന്ന് അരിയെത്തി; 25 രൂപക്ക് നല്‍കുമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നതിനിടെ ബംഗാളിൽനിന്നു 800 മെട്രിക് ടൺ അരി എത്തിച്ചുവെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഞായറാഴ്ച അടുത്ത ലോഡ് എത്തും. പത്താം തീയതി ആകുമ്പോഴേക്കും 2500 മെട്രിക് ടൺ അരിയും എത്തുമെന്നു മന്ത്രി പറഞ്ഞു. 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചാണ് ബംഗാളിൽനിന്ന് അരി എത്തിക്കുന്നത്.

മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ, മട്ട എന്നീ അരിയിനങ്ങളുടെ വിൽപനവില ചരിത്രത്തിലാദ്യമായി 50 രൂപ വരെ എത്തിയതോടെയാണ് വില നിയന്ത്രിക്കാനുള്ള നടപടിയുമായി സർക്കാർ രംഗത്തെത്തിയത്. ഒരു മാസത്തിനിടെ 10 രൂപയുടെ വർധനവാണ് അരിക്ക് ഉണ്ടായത്.

തിങ്കളാഴ്ച മുതൽ അഞ്ഞൂറ് പ്രാഥമിക സഹകരണസംഘങ്ങൾ വഴി ഇവ വിതരണം ചെയ്യും. കിലോയ്ക്ക് 25 രൂപ നിരക്കിലാകും വിൽപ്പനയെന്നും മന്ത്രി അറിയിച്ചു. ആറിന് ആരംഭിച്ച് പത്താം തീയതിയോടെ അവസാനിക്കുന്ന രീതിയിലാകും അരി വിതരണം.

തെക്കൻ കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ, വടി മട്ട, ഉണ്ട മട്ട എന്നിവയുടെ ഉൽപാദനം സംസ്ഥാനത്തും പുറത്തും കുറഞ്ഞതാണു വില കൂടാൻ കാരണം. ഇതുകൊണ്ടുതന്നെ നെല്ലിനു വില ഗണ്യമായി കൂടി. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നാണ് ഇപ്പോൾ അരി വരുന്നത്. എന്നാൽ അതു കാര്യമായിട്ടു വരുന്നുമില്ല.

You must be logged in to post a comment Login