ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നാണം: സച്ചിന്റെ പേരെഴുതിയതില്‍ തെറ്റ്; കാബിന് ധോണിയുടെ വിമര്‍ശനം

സച്ചിന്റെ 199 മത്തേതും അവസാനത്തേതിനു തൊട്ടു മുന്‍പുള്ളതുമായ ടെസ്റ്റ് മത്സരത്തിന് ഈഡന്‍ ഗാര്‍ഡന്‍സും ടീമും രാജ്യം മുഴുവനും ഒരുങ്ങി. ബുധനാഴ്ച മത്സരം തുടങ്ങാനിരിക്കെ അല്‍പ്പം ചമ്മലിലാണ് ആതിഥേയരായ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍.സച്ചിനെ ആദരിക്കുന്നതിനായി സ്‌റ്റേഡിയത്തിനു അകവും പുറവും അദേഹത്തിന്റെ ചിത്രങ്ങളും കട്ടൗട്ടുകളും മറ്റും കൊണ്ട് അലങ്കരിച്ച് കൈയടി വാങ്ങാന്‍ ഒരുങ്ങി നിന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍(കാബ്) ഒരാള്‍ക്ക് അല്‍പം നീരസമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്. നീരസമുണ്ടായത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ.


വലിയ കാര്യത്തില്‍ സച്ചിന്റെ ചിത്രവുമായി ചേര്‍ത്ത് ‘ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 199 മത് ടെസ്റ്റ് മത്സരം ആഘോഷിക്കുന്നു’ എന്ന ഇംഗ്ലീഷിലെഴുതിയ തലക്കെട്ടുമായി ഒരു കൂറ്റന്‍ ബോര്‍ഡ് സ്‌റ്റേഡിയത്തിനു അകത്ത് സ്‌കോര്‍ ബോര്‍ഡിനു സമീപത്തായി കാബ് സ്ഥാപിച്ചു. ആ ബോര്‍ഡില്‍ സാക്ഷാല്‍ സച്ചിന്റെ പേര് തെറ്റായാണ് എഴുതിയിരിക്കുന്നത്. സാധാരണ എഴുതുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ‘ഇ’ അക്ഷരം സച്ചിന്‍ എന്നതിന്റെ വാലായി വന്നിരിക്കുന്നു.
കാബിന്റെ അമിതമായ അലങ്കാര പണികള്‍ സച്ചിനു ഇഷ്ടപ്പെട്ടില്ലത്രെ. സച്ചിന്‍ പരിശീലനത്തിനായി ഈഡനിലേയ്ക്ക് ബസില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ കണ്ടത് അദേഹത്തിന്റെ ഒരു മെഴുകു പ്രതിമയും സച്ചിന്റെ ചിത്രവും 199 എന്നും പതിച്ച ടീഷര്‍ട്ടുമണിഞ്ഞ് നിരന്ന 80 സ്‌കൂള്‍ കുട്ടികളും ആയിരുന്നു. കൂട്ടത്തില്‍ മറ്റു അലങ്കാരങ്ങളും കൂടി ആയപ്പോള്‍ കളിയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് അലോസരമായി എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഒരു വശത്ത് നില്‍ക്കെ സച്ചിനുമായി ബന്ധപ്പെട്ട മറ്റൊരു മണ്ടത്തരം കാണിച്ചിരിക്കുകയാണ് കാബ്. അതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്നെ അസോസിയേഷനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

സാധാരണ എഴുതുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ‘ഇ’ അക്ഷരം സച്ചിന്‍ എന്നതിന്റെ വാലായി വന്നിരിക്കുന്നത് കണ്ട്, മത്സരത്തിനു മുന്‍പ് പത്ര സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കാബിനെ നിശിതമായി വിമര്‍ശിച്ചു. പത്രസമ്മേളനത്തിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ആരാണ് സ്‌റ്റേഡിയത്തിനകത്ത് സച്ചിന്റെ പേര് തെറ്റായി എഴുതിയത് എന്ന് പറയൂ എന്നാണ് ധോണി ആവശ്യപ്പെട്ടത്. ആ വലിയ ബോര്‍ഡ് സ്‌റ്റേഡിയത്തിനകത്ത് സ്ഥാപിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ധോണി. എന്തായാലും സച്ചിന്‍ അസന്തുഷ്ടനായി എന്നത് തെറ്റാണെന്നും പറഞ്ഞ് കാബ് രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ബോര്‍ഡും മത്സരത്തിനു മുന്‍പു തന്നെ മാറ്റി നാണക്കേടില്‍ നിന്ന് തലയൂരാനാകും കാബിന്റെ അടുത്ത നീക്കം.

You must be logged in to post a comment Login