ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഡേ നൈറ്റ് മത്സരമായി നടത്തിയേക്കും

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്ത ടെസ്റ്റ് ഡേ നൈറ്റ് മത്സരമായി നടത്തിയേക്കും. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് രാത്രിയും പകലുമായി നടത്താന്‍ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നവംബര്‍ 22 മുതല്‍ 26 വരെയാണ് ടെസ്റ്റ്. ബിസിസിഐയുടെ നിലപാടിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത ശേഷം ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ബിസിസിഐയെ അറിയിക്കുമെന്ന് ബിസിബി അറിയിച്ചു.

ബംഗ്ലാദേശ് കളിക്കാരും, ടീം മാനേജ്‌മെന്റും സമ്മതം മൂളിയാല്‍ മാത്രമാവും ബിസിസിഐയുടെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കുക എന്ന് ബിസിസി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ധീന്‍ ചൗധരി പറഞ്ഞു. പിങ്ക് ബോളില്‍ രാത്രിയും പകലുമായി മത്സരം നടത്തുന്നതിന് മുന്‍പ് ഇതിന് വേണ്ടി പ്രത്യേക പരിശീലനം ആവശ്യമാണോ എന്ന് കളിക്കാരോട് ബിസിബി ആരാഞ്ഞിട്ടുണ്ട്.

നേരത്തെ പകല്‍-രാത്രി ടെസ്റ്റ് മത്സരം എന്ന കീവീസിന്റെ ആവശ്യം ബംഗ്ലാദേശ് തള്ളിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്താം എന്നുള്ളത് ബിസിസിഐ തലപ്പത്തേക്ക് എത്തിയ ഗാംഗുലിയുടെ തലയില്‍ ഉദിച്ച ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് രാത്രിയും പകലുമായി നടത്തുന്നതില്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമായി ഗാംഗുലി സംസാരിച്ചു. കോഹ് ലിയുടെ സമ്മതം ലഭിച്ചെങ്കിലും എന്നത്തേക്ക് ഇതിനായി ഒരുങ്ങാമെന്ന് കോഹ് ലി വ്യക്തമാക്കിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ 2016ല്‍ ഈഡനില്‍ ഗാംഗുലി പിങ്ക് ഡേ ക്രിക്കറ്റ് കൊണ്ടുവന്നിരുന്നു. നാല് ദിവസത്തെ സൂപ്പര്‍ ലീഗ് ഫൈനലായിരുന്നു അത്.

You must be logged in to post a comment Login