ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

 

രാജ്കോട്ട്: മഹാ ചുഴലിക്കാറ്റ് പ്രതീക്ഷിച്ച ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20യിൽ ആഞ്ഞടിച്ചത് രോഹിത് കൊടുങ്കാറ്റ്. തൻെറ 100ാം ടി20 മത്സരം കളിച്ച ഇന്ത്യൻ നായകൻ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്ത്. രോഹിത് ആഞ്ഞടിച്ചതോടെ ബംഗ്ലാ കടുവകൾ പൂച്ചകളായി മാറി. 43 പന്തിൽ നിന്നാണ് രോഹിത് 85 റൺസെടുത്തത്. ശിഖർ ധവാൻ 31 റൺസുമായി മികച്ച പിന്തുണ നൽകി. എട്ട് വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കി.

15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 24 റൺസെടുത്തും ശ്രേയസ് അയ്യരും കെഎൽ രാഹുൽ 8 റൺസെടുത്തും പുറത്താവാതെ നിന്നു. ഞായറാഴ്ച മൂന്നാം മത്സരത്തിൽ ഇരുടീമുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടും.

രാജ്കോട്ടിൽ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. 29 റൺസെടുത്ത ലിട്ടൺ ദാസും 36 റൺസെടുത്ത മുഹമ്മദ് നയീമും സ്കോർ ഉയർത്തി. എന്നാൽ ഇരുവരും മടങ്ങിയതോടെ ബംഗ്ലാദേശ് റൺനിരക്ക് കുറഞ്ഞു.

30 റൺസ് വീതമെടുത്ത മൊഹമദുള്ളയും സൗമ്യ സ‍ർക്കാറും ചേർന്ന് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ഇന്ത്യക്കായി ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം പന്തെറിയാൻ തീരുമാനിച്ചു. ആദ്യ ടി20 കളിച്ച ടീമിൽ മാറ്റങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ഇന്ത്യക്കെതിരെ രാജ്കോട്ടിൽ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ന്യൂഡൽഹിയിൽ നടന്ന ഒന്നാം ടി20യിൽ 7 വിക്കറ്റിനാണ് ബംഗ്ലാ കടുവകൾ ഇന്ത്യയെ തകർത്തത്. ഇന്ന് വിജയിക്കാനായാൽ അവർക്ക് പരമ്പര സ്വന്തമാവും. ഇതിനൊപ്പം തന്നെ ഇന്ത്യക്കെതിരെ ആദ്യ ടി20 പരമ്പര എന്ന ചരിത്രനേട്ടവും.

ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് ടി20യിൽ 100ാം മത്സരമാണിത്. 111 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പാകിസ്ഥാൻെറ ശുഐബ് മാലിക് മാത്രമാണ് രോഹിതിന് മുന്നിലുള്ളത്. ഇന്നത്തെ മത്സരത്തോടെ ഷാഹിദ് അഫ്രീദിയെ രോഹിത് മറികടക്കും.

You must be logged in to post a comment Login