ബംഗ്ലാദേശ് ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ ചെന്നു തകർത്ത് ഗോകുലം കേരള

ബംഗ്ലാദേശ് ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്സിക്ക് ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിൻ്റെ ജയം.

ഡുറൻ്റ് കപ്പിൽ നടത്തിയ പ്രകടനം ഗോകുലം തുടരുന്നതാണ് മത്സരത്തിൽ കണ്ടത്. ക്യാപ്റ്റൻ മാർക്കസ് ജോസഫിൻ്റെ അഭാവത്തിലാണ് ഗോകുലം ഗംഭീര പ്രകടനം നടത്തിയത്. ഹെൻറി കിസേക്കയിലൂടെ ഗോകുലം 21ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. 27ആം മിനിട്ടിൽ രണ്ടാം ഗോൾ. നഥാനിയൽ ഗാർഷ്യയുടെ കിടിലൻ ഫ്രീകിക്ക് വലയുടെ ഇടതുമൂലയിലേക്ക് ചാഞ്ഞിറങ്ങി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്നു.

രണ്ടം പകുതി തുടങ്ങി തൊട്ടടുത്ത മിനിട്ടിൽ തന്നെ ഗോകുലം മൂന്നാം ഗോൾ കണ്ടെത്തി. ഹെൻറി കിസേക്ക തന്നെയാണ് 46ആം മിനിട്ടിൽ ഗോകുലത്തിൻ്റെ മൂന്നാം ഗോളും തൻ്റെ രണ്ടാം ഗോളും സ്കോർ ചെയ്തത്. 74ആം മിനിട്ടിൽ ബസുന്ധരയുടെ ആശ്വാസ ഗോൾ. മോട്ടിന്‍ മിയ ആണ് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കു വേണ്ടി ഒരു ഗോൾ മടക്കിയത്.

You must be logged in to post a comment Login