‘ബച്ചാ ബാസി’; പൊലീസുകാരെ വധിക്കാന്‍ താലിബാന്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഏറെക്കാലമായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ചൂഷണമാണിതെങ്കിലും താലിബാന്‍ ആക്രമണത്തിനും ലൈംഗിക ചൂഷണത്തിനും കുട്ടികളെ ഉപയോഗിക്കുന്നുവെന്നതും അഫ്ഗാനിസ്ഥാനിലെ പൊലീസുകാര്‍ക്കിടയില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന പതിവ് തുടരുന്നുവെന്നതുമായ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

bacha-basi

താരിന്‍കോട്ട്: അഫ്ഗാനിസ്ഥാനില്‍ പൊലീസുകാരെ വകവരുത്തുന്നതിനായി താലിബാന്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങള്‍ക്കായും സേനാ കേന്ദ്രത്തിനകത്തേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങളുണ്ടാക്കുന്നതിനും കുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ബച്ചാ ബാസി എന്ന മാര്‍ഗം താലിബാന്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന രീതിക്കാണ് ബച്ചാ ബാസി എന്നു പറയുന്നത്. ഏറെക്കാലമായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ചൂഷണമാണിതെങ്കിലും താലിബാന്‍ ആക്രമണത്തിനും ലൈംഗിക ചൂഷണത്തിനും കുട്ടികളെ ഉപയോഗിക്കുന്നുവെന്നതും അഫ്ഗാനിസ്ഥാനിലെ പൊലീസുകാര്‍ക്കിടയില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന പതിവ് തുടരുന്നുവെന്നതുമായ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉറുസ്ഗാന്‍ പ്രവിശ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ലൈംഗികമായി ആകര്‍ഷിച്ച് കീഴ്‌പ്പെടുത്താനായി കാണാന്‍ ഭംഗിയുള്ള, താടിയില്ലാത്ത ആണ്‍കുട്ടികളെ ഉപയോഗിക്കുന്ന ‘ബച്ചാ ബെരീഷ് ‘ എന്ന ക്രൂരതയും താലിബാന്‍ പിന്‍തുടരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ട്രോജന്‍ ഹോഴ്‌സ് ആക്രമണത്തിനായി രണ്ട് വര്‍ഷക്കാലം കുട്ടികളെ താലിബാന്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം പുറത്തുവിട്ടിരുന്നു. കാണാന്‍ ഭംഗിയുള്ള ആണ്‍കുട്ടികളെയാണ് മയക്കുമരുന്നും വിഷവും ഉപയോഗിച്ച് പൊലീസുകാരെ കൊല്ലാനായി താലിബാന്‍ ഉപയോഗിക്കുന്നതെന്ന് ഉറുസ്ഗാന്‍ പൊലീസ് മേധാവി ഗുലാം സഖി റോഘ് ലെവനായി പറഞ്ഞു. പൊലീസുകാരുടെ ബലഹീനതയാണ് ബച്ചാ ബാസി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് താലിബാന്‍ കുട്ടികളെ ലൈംഗിക ആയുധങ്ങളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൊറാവുഡു ജില്ലയില്‍ ഇത്തരത്തില്‍ ആക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 21 വയസുകാരനായ പൊലീസുകാരന്‍ മതിയുള്ള പറയുന്നത്, ചെക്ക്‌പോയിന്റ് കമാന്‍ഡറുടെ ലൈംഗിക അടിമയായ സബിനുള്ള എന്ന ബാലനാണ് കൊലപാതകം നടത്തിയതെന്നാണ്. അര്‍ധരാത്രിയില്‍ ഉറങ്ങി കിടന്നവരെ ബാലന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടുവെന്ന് വന്നെത്തിയ താലിബാന്‍ അംഗങ്ങളോട് വിളിച്ചു പറഞ്ഞ് ആയുധവും ശേഖരിച്ചാണ് അവര്‍ക്കൊപ്പം സബിനുള്ള തിരിച്ചു പോയതെന്നും പൊലീസുകാരന്‍ പറഞ്ഞു. മതിയുള്ള മരിച്ചതുപോലെ കിടന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്.

നേരത്തെ ‘ബച്ചാ ബാസി’ നിരോധിച്ചുവെന്ന് പറഞ്ഞ താലിബാന്‍ ഇത്തരത്തില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നാണ് ഇപ്പോഴും പറയുന്നത്.

You must be logged in to post a comment Login