ബജാജ് അവഞ്ചറിന് വെല്ലുവിളി; ബജറ്റ് ക്രൂയിസര്‍ GZ150 യുമായി സുസൂക്കി എത്തുമെന്ന് സൂചന

ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുമായി സുസൂക്കി വരുന്നു. ഹയാത്തെ, ജിക്‌സര്‍ നിരയിലൂടെ സാന്നിധ്യമറിയിക്കുന്ന സുസൂക്കി, ബജറ്റ് ക്രൂയിസര്‍ ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ് സംബന്ധിച്ച് ചില ഡീലര്‍ഷിപ്പുകള്‍ക്ക് സുസൂക്കി വിവരം നല്‍കിയിട്ടുണ്ട്. കൂടാതെ, സുസൂക്കിയുടെ ലൂബ്രിക്കന്‍ഡ് പാര്‍ട്ട്ണര്‍ മൊട്ടുല്‍, GZ150 യെ ഇതിനകം പരീക്ഷിച്ചും കഴിഞ്ഞു.

ബജറ്റ് ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിലൂടെ ബജാജ് തുടരുന്ന ഏകാധിപത്യം തകര്‍ക്കുകയാണ് സുസൂക്കിയുടെ ലക്ഷ്യം. അതിനാല്‍ എന്‍ട്രിലെവല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍, GZ150 യെ സുസൂക്കി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ വിയറ്റ്‌നാം, കൊളംമ്പിയ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ സുസൂക്കി GZ150 വില്‍പനയിലുണ്ട്. 2250 mm നീളവും 900 mm വീതിയും 1160 mm ഉയരവുമാണ് GZ150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനുള്ളത്. ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകള്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ ഷോര്‍ക്ക് അബ്‌സോര്‍ബര്‍, അലോയ് വീലുകള്‍ എന്നിവയാണ് GZ150 യുടെ ഫീച്ചറുകളും.

150 കിലോഗ്രാം ഭാരമുള്ള GZ150, മികച്ച ക്രൂയിസിംഗ് അനുഭവമാണ് ഏകുന്നതെന്ന് ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ബജാജ് അവഞ്ചര്‍ ക്രൂയിസ് 220 വേര്‍ഷനുമായാകും ശ്രേണിയില്‍ GZ150 ഏറ്റുമുട്ടാന്‍ സാധ്യത. അതേസമയം, എന്‍ജിന്‍ ശേഷിയുടെ പശ്ചാത്തലത്തില്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യ്ക്ക് തുല്യമാണ് GZ150. 15.42 ബിഎച്ച്പി കരുത്തും 11.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149.5 സിസി, എയര്‍കൂള്‍ഡ് എന്‍ജിനാണ് സുസൂക്കി GZ150 യുടെ പവര്‍ഹൗസ്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുന്നതും.

ഫ്രണ്ട് എന്‍ഡില്‍ 18 ഇഞ്ച് അലോയ് വീലും, റിയര്‍ എന്‍ഡില്‍ 16 ഇഞ്ച് അലോയ് വീലുമാണ് ക്രൂയിസറില്‍ ഒരുങ്ങുന്നത്. കുറഞ്ഞ സീറ്റ് ഉയരം, സ്വസ്ഥമായ റൈഡിംഗ് പൊസിഷന്‍, മുന്നോട്ട് ഇറങ്ങിയ ഫൂട്ട് പെഗുകള്‍, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നീ ഫീച്ചറുകള്‍, GZ150 യ്ക്ക് ക്രൂയിസര്‍ പരിവേഷം ഉറപ്പ് വരുത്തുന്നു. നിലവില്‍ ജിക്‌സര്‍ SF ലും വിലക്കുറവിലാണ് GZ150 യെ സുസൂക്കി വില്‍ക്കുന്നത്. 41,99,000 പെസോ (ഏകദേശം 89000 രൂപ) പ്രൈസ് ടാഗിലാണ് GZ150 കൊളംമ്പിയന്‍ വിപണിയില്‍ എത്തുന്നത്. GZ150 യുടെ ഇന്ത്യന്‍ കടന്നുവരവില്‍ ജിക്‌സര്‍ SF FI യ്ക്ക് താഴെയായാകും SZ150 ഇടംപിടിക്കുക. 2017 സെപ്തംബറോടെയാകും GZ150 ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് സൂചന.

You must be logged in to post a comment Login