ബദരിനാഥന് മലയാളിപൂജാരി


വള്ളികുന്നം രാജേന്ദ്രന്‍

ഇത് ബദരി. കഠിനയാത്രയുടെ ആലസ്യവുമായി ബദരിയില്‍ വണ്ടിയിറങ്ങുന്ന യാത്രിക, നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് കേവലമൊരു സ്ഥലരാശിയിലല്ല. വേദഭൂമിയിലാണ്. ക്ഷമിക്കണം, വേദഭൂമിയിലെ ദേവഭൂമിയിലാണ്. താഴെ ആരുടെ തളക്കിലുക്കമാണ് കേള്‍ക്കുന്നത്? ആയിരംപാദസരങ്ങള്‍ കിലുക്കി പാല്‍പുഞ്ചിരിയുമായി ഒഴുകിപ്പരക്കുന്ന ആ സ്വപ്‌നസുന്ദരിയാരാണ്? അവള്‍ പറയുന്ന കഥകളില്‍ കേവല മനുഷ്യര്‍ മാത്രമല്ല ഉളളത്. ദേവഗണങ്ങളും അപ്‌സര സുന്ദരികളുമുണ്ട്. അവളുടെ പേരിനുപോലും എന്തൊരഴകാണ്. അളകനന്ദ. ഹിമാലയ പര്‍വ്വതത്തിലെ അളകനന്ദ ഹിമാനിയില്‍ നിന്ന് ഉല്‍ഭവിച്ച് സരസ്വതിയുമായി ചേര്‍ന്നൊഴുകുന്ന നദീസുന്ദരി. മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതമേതാണ്? കാലസാക്ഷിയായ നീലകണ്ഠപര്‍വ്വതം. മഞ്ഞുപുതച്ചുകിടക്കുന്ന ഗിരിശൃംഗങ്ങളുമായി ആകാശത്തേക്ക് തൊഴുകൈളുമായി നില്‍ക്കുന്ന കുലപര്‍വ്വതം.
ഹിമപ്പുതപ്പിനുളളില്‍ തപം ചെയ്യുന്ന ഗിരിശൃംഗങ്ങളില്‍ വെയില്‍ തട്ടുമ്പോള്‍ സംഭവിക്കുന്ന വര്‍ണ്ണമാറ്റം അറിയണമെങ്കില്‍ ഒരു രാത്രിയില്‍ ബദരിയില്‍ തങ്ങണം. നാലുമണിതൊട്ട് പുലര്‍കാലത്തുടിപ്പുകള്‍ പ്രത്യക്ഷമാകും. അതിശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന നമ്മളെ അത്ഭുത സ്തംബ്ധരാക്കി ഹിമഗിരികള്‍ നീല നിറമണിയും. അപ്പോള്‍ ആകാശത്തിന്റെ മടിത്തട്ടില്‍ മറ്റൊരു നീലനക്ഷത്രം കണ്‍മിഴിക്കും. തൊട്ടുപിന്നാലെ അഗ്നിവര്‍ണ്ണം വാരിവിതറി ഗിരിശൃംഗങ്ങള്‍ ചുവന്നുതുടുക്കും. നേരം പുലരുമ്പോള്‍ മലകളാകെ വെളളിവിതറി തപം ചെയ്യും.
നരനാരായണന്‍മാര്‍ തപം ചെയ്ത മണ്ണാണ് ബദരിയെന്ന് പുരാണങ്ങള്‍. മനുഷ്യഭാവന അങ്ങനെയാണല്ലോ. അത് വിചിത്രവഴികളില്‍ക്കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. സഹസ്രകവചന്‍ എന്ന അസുരനെ നിഗ്രഹിക്കുവാനായി നരനാരായണന്‍മാര്‍ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലെത്തി.  അതിസുന്ദരിയായി ചമഞ്ഞു കിടക്കുന്ന ബദരിയില്‍ അവര്‍ തപസ് ആരംഭിച്ചു. നരന്‍ തപം ചെയ്യുമ്പോള്‍ നാരായണന്‍ യുദ്ധം ചെയ്യും. നാരായണന്‍ തപം ചെയ്യുമ്പോള്‍ നരന്‍ യുദ്ധം ചെയ്യും. തപവും സംഗ്രമവും തുടര്‍ന്നുകൊണ്ടേയിരിന്നു. അവസാനം അസുരന്‍ നിഗ്രഹിക്കപ്പെട്ടു. നരനാരായണന്‍മാര്‍ പിന്നീട് മനുഷ്യാവതാരമെടുത്ത് കൃഷ്ണാര്‍ജ്ജുനന്‍മാരായി ദ്വാപരയുഗത്തിലേക്ക് നടന്നു കയറി. അവരുടെ ജീവിതത്തെ വേദവ്യാസന്‍ പകര്‍ത്തിവെച്ചു. മഹാകവികള്‍ അടയാളപ്പെടുത്തുന്ന ജീവിതം എന്നും നിലനില്‍ക്കും. അങ്ങനെ കവികള്‍ മനുഷ്യകഥാനുഗായികളായി മാറും. പുരാണത്തെ തൊടാതെ, ഇതിഹാസം ഓര്‍മ്മിക്കാതെ ബദരിയില്‍ നില്‍ക്കുവാനാവില്ല. കാരണം ബദരിയുടെ ഇന്നലെകള്‍ക്ക് മാനവ സംസ്‌കാരത്തോളം പഴക്കമുണ്ട്.
ചതുര്‍ധാമങ്ങളില്‍ പ്രധാനമാണ് ബദരി. ഇന്ത്യയുടെ വടക്കേയറ്റത്തുളള ഈ ക്ഷേത്രം ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ്. അശോകന്റെ കാലത്ത് ഇതൊരു ബുദ്ധമത ആരാധനാലയമായിരുന്നു.എന്നാല്‍ ഭാരതത്തിന്റെ തെക്കേയറ്റത്തു നിന്നും ഒരാള്‍ കാല്‍നടയായി വടക്കേയറ്റത്തേക്കൊരു യാത്ര നടത്തി. സാക്ഷാല്‍ ശങ്കരന്‍. 13-ാം വയസ്സില്‍ ബദരിക്കു താഴെയുളള ജോഷീമഠില്‍, ഒരു ബറിക് മരച്ചുവട്ടില്‍ മൂന്നു വര്‍ഷക്കാലം തപസ്സു ചെയ്തു. തപസ് എന്നാല്‍ ജ്ഞാനാന്വേഷണം തന്നെ. തുടര്‍ന്ന് അദ്ദേഹം ദേവഭൂമിയിലുടനീളം സഞ്ചരിച്ചു. ബദരിയിലുമെത്തി നാരദകുണ്ഠില്‍ നിന്നും മുങ്ങിയെടുത്ത സാളഗ്രാമത്തെ നദീതീരത്തുളള തകര്‍ന്നുകിടന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രം തുടര്‍ന്ന് നവീകരിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ ആരാധനക്രമം നിശ്ചയിച്ചു. കേരളത്തില്‍ നിന്നും മലയാള ബ്രാഹ്മണന്‍മാരെ കൊണ്ടുവന്നു ക്ഷേത്ര പുരോഹിതന്‍മാരാക്കി. റാവല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുരോഹിത പരമ്പര ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ റാവല്‍ പയ്യന്നൂര്‍ക്കാരന്‍ ബദരി പ്രസാദ് റാവല്‍.ബദരി യോഗീവര്യന്‍മാരുടെ കേന്ദ്രം കൂടിയാണ്. ഭൗതിക ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ നിന്നും ആത്മീയ ജീവിതത്തിന്റെ തണല്‍ തേടിയെത്തിയ സന്യാസിവര്യന്‍മാരുടെയിടം. ഇവിടത്തെ പര്‍വ്വതങ്ങളിലെ ഗുഹകളില്‍ ഇവര്‍ തപം ചെയ്യുന്നു. പുറം ലോകത്തിന്റെ കോലാഹലങ്ങള്‍ കേള്‍ക്കുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. യോഗക്രീയയിലൂടെ മഹാശൈത്യത്തെ അതിജീവിക്കുവാനുളള കരുത്ത് ഇവരുടെ ശരീരം ആര്‍ജ്ജിച്ചുകഴിഞ്ഞു. ജീവന്‍ നിലനിര്‍ത്തുവാന്‍ മാത്രം ഇവര്‍ അല്‍പം ആഹാരം കഴിക്കുന്നു. നിരന്തര ധ്യാനത്തിലൂടെ ജ്ഞാനാന്വേഷണം തുടരുന്നു. പ്രകൃതിയിലെ എല്ലാ ജ്ഞാനമേഖലയിലും ഇവര്‍ ഇടപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും സര്‍വ്വശാസ്ത്രങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഇവരുടെ മസ്തിഷ്‌ക ലോകത്തുനിന്നും ഉരം കൊണ്ടതാണ്. -”പരദ:ുഖമൊക്കെയും സ്വദു:ഖമായി കണ്ടുപാടിയ’ മാമുനീന്ദ്രന്‍മാരില്‍ പ്രഥമഗണനീയനായ വേദവ്യാസന്‍ തപം ചെയ്ത മഹാഗുഹ ബദരീക്കു സമീപമുളള മാനാഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നുത്. ഈ ഗുഹയിലിരുന്നാണ് അദ്ദേഹം മഹാഭാരതം ചമച്ചതെന്ന് വിശ്വസിക്കുന്നു.
ബദരിയുടെ കൗതുകം സൂര്യകുണ്ഠാണ്. പ്രകൃതി എന്തെല്ലാം രഹസ്യങ്ങളെയാണ് അതിന്റെ ആത്മാവില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ബദരിയൊന്നാകെ തണുത്തു മരവിച്ചുകിടക്കുമ്പോഴും ക്ഷേത്രത്തിനു സമീപമുളള സൂര്യകുണ്ഠിലും നാരാദകുണ്ഠിലും ജലം തിളച്ചു മറിയുന്നു. 1400 ഫാരന്‍ഹീറ്റില്‍ ഏതോ മലയില്‍ നിന്നും ഉത്ഭവിച്ചൊഴുകിയെത്തുന്ന ചൂടു നീരുറവ സൂര്യകുണ്ഠില്‍ വന്നു പതിക്കുന്നു. മലകളിലെ സള്‍ഫര്‍ സാന്നിധ്യമാണ് ഉറവയെ ചൂടുളളതാക്കുന്നതെന്ന് ശാസ്ത്രം. ഗന്ധമാദന പര്‍വ്വതത്തില്‍ നിന്നും അപകടങ്ങള്‍ തരണം ചെയ്ത് സൗഗന്ധിക പുഷ്പം ഭീമന്‍ പാഞ്ചാലിക്കായി കൊണ്ടുവന്ന കഥ അനുബന്ധമായി ഓര്‍ക്കുക. ഗന്ധകശേഖരമുളള പര്‍വ്വതമാണോ അതോ അത്യപൂര്‍വ്വ പുഷ്പങ്ങളിലെ സുഗന്ധമാണോ പര്‍വ്വതത്തെ ഗന്ധമാദന പര്‍വ്വതമാക്കി മാറ്റിയിരിക്കുന്നത്? അന്വേഷണം നടക്കട്ടെ.
സൂര്യകുണ്ഠിനു താഴെ തപ്തകുണ്ഠ്. ആവി പറക്കുന്ന ജലാശയത്തില്‍ ആനന്ദകരമായ ഒരു സ്‌നാനം. ഹിമാലയ പര്‍വ്വതങ്ങളിലെ ഔഷധ സസ്യങ്ങളുടെ വേരുകളില്‍ നിന്നും ഊറിയിറങ്ങുന്ന ജലത്തിലെ സ്‌നാനം നമ്മെ നവോന്മേഷഹാരികളാക്കും. ബദരി സന്ദര്‍ശനത്തിനെത്തുന്നവര്‍ തപ്തകുണ്ഠില്‍ ഒന്നു സനാനം ചെയ്യും. ആദ്യജലസ്പര്‍ശം നമ്മളെയൊന്നു പൊള്ളിക്കും. പെട്ടെന്നു തന്നെ നമ്മുടെ ശരീരം ജലതാപവുമായി പൊരുത്തപ്പെടും.
കാഴ്ചയുടേയും ഭക്തിയുടേയും ലഹരി മാത്രമല്ല ബദരി. അസ്ഥി തളച്ചുകയറുന്ന തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ കഞ്ചാവും ചരസ്സും ഇവിടെ സുലഭമായി ലഭിക്കും. മലയാളികളുടെ തനതു ദേശീയ മദ്യമായ വാറ്റുചാരായവും ബദരിയുടെ താഴവാരങ്ങളില്‍ ലഭ്യമാണ്. എല്ലാ ലഹരികളും പൂക്കുന്നയിടമാണ് ബദരിയും. ഞങ്ങളുടെ സഹായി കൈലാസനാഥന്റെ ഭക്തനാണ്. മൂന്ന് ആണ്‍ക്കുട്ടികളുടെ അച്ഛന്‍ മുത്ത മകന് പട്ടാളത്തില്‍ സെലക്ഷന്‍ കിട്ടിയിരിക്കുന്നു. കുടുംബം നേരിടുന്ന ദാരിദ്രത്തില്‍ നിന്നും താല്‍കാലിക വിടുതലായി മകന്റെ ഉദ്യോഗലബ്ധിയെ കാണുന്നു. അയാള്‍ ചരസ്സിന്റെ പുകയില്‍ ശിവമയമാകുന്നതും കൂടുതല്‍ കൂടുതല്‍ വിനയാന്വീതനാകുന്നതും ബദരിയുടെ രാത്രിയിലെ കൗതുകക്കാഴ്ചകളില്‍ ഒന്നായിരുന്നു.
ദുര്‍ഗ്ഗമായ മലമ്പാതകള്‍ താണ്ടിവേണം ബദരിയില്‍ എത്തിച്ചേരുവാന്‍. കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പോരാടിയായിരുന്നു പൂര്‍വ്വികര്‍ ബദരിയാത്ര നടത്തിയത്. ഇന്ന് വന്യമൃഗ ഭീഷണി പ്രകടമായില്ല. എന്നാല്‍ മലമ്പാതകളില്‍ അപകടം പതിയിരുപ്പുണ്ട്. ഏതു നിമിഷവും ഒരു മലയിടിച്ചില്‍ പ്രതീക്ഷിക്കാം. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മഹാഗിരികളുടെ ഏതുഭാഗവും താഴേക്ക് അടര്‍ന്നുവീഴാം. മലയിടിച്ചിലിന്റെ കുത്തൊഴുക്കില്‍ യാത്രികനും വാഹാനവും ആയിരക്കണക്കിനടി താഴെയുളള അളകനന്ദയിലേക്ക് ഒലിച്ചു പോകാം. ഏറ്റവും അവസാനം രൂപം കൊണ്ട മഹാപര്‍വ്വതമാണ് ഹിമാലയം. 70 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലിനടിയിലെ ഭൂഫലകം ഉയര്‍ന്ന് രൂപം കൊണ്ട മലനിരകളാണിവ. ദുര്‍ബലമായ പാറകളുടെ അടരുകളാണ് ഓരോ മലയും. പ്രകൃതിശക്തികളോട് പോരാടിയാണല്ലോ മനുഷ്യര്‍ ഭുമിയില്‍ അജയ്യനായത്. മലമ്പാതകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഓര്‍ക്കാതിരുന്നാല്‍ ബദരിയാത്ര സ്വര്‍ഗീയയാത്ര തന്നെ. കാഴ്ചയുടെ വസന്തോത്സവം ഓരോ മലയും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പൂത്തുനില്‍ക്കുന്ന ദേവദാരു കാഴ്ച മാത്രമല്ല സുഗന്ധവും കൂടിയാണ്. ആകാശത്തേക്ക് കൈകളുയര്‍ത്തി തപം ചെയ്യുന്ന പൈന്‍മരങ്ങള്‍ മറ്റൊരു കാഴ്ചാനുഭവമാണ്.
ആറുമാസം മാത്രമേ ബദരിനാഥ് ക്ഷേത്രത്തില്‍ ആരാധനയുളളു. മഞ്ഞുകാലം രൂക്ഷമാകുമ്പോള്‍ ക്ഷേത്രം അടച്ചിടും. ക്ഷേത്ര ജീവനാക്കാരും പൂജാരിമാരും മലയിറങ്ങും. അപ്പോഴും ശ്രീകോവിലില്‍ കെടാവിളക്ക് കത്തുന്നുണ്ടാകും. തൊട്ടടുത്തുളള മാനാഗ്രാമത്തിലെ കന്യക തെറുത്തു നല്‍കിയ തിരി ആറുമാസക്കാലം നിന്ന് കത്തും. ഇന്ത്യാ-ചൈനാ അതിര്‍ത്തിയുടെ സമീപസ്ഥമായ സ്ഥലമാണ് ബദരി. അതുകൊണ്ടുതന്നെ തന്ത്രപ്രധാനവും. അപ്പുറം ആത്മീയതയുടെ നിശബ്ദ  മേലാപ്പായി തിബത്ത് ഉറഞ്ഞു കിടക്കുന്നു. ബുദ്ധന്റെ ശരണമന്ത്രങ്ങള്‍ ബദരിയും കടന്ന് തിബത്തിലേക്ക് പോയി കാണും. പാണ്ഡവന്‍മാരുടെ സ്വര്‍ഗയാത്രയും ബദരിയിലൂടെയായിരുന്നു. കടുത്ത ശൈത്യത്തിലും അലസരായി നടക്കുന്ന തടിച്ചുകൊഴുത്ത നായ്ക്കളെ  എവിടെയും കാണാം. ധര്‍മ്മപുത്രരോടൊപ്പം സ്വര്‍ഗം പൂകീയ നായുടെ പിന്‍മുറക്കാര്‍. മനുഷ്യസമൂഹത്തിന്റെ ദേശാന്തരയത്രയക്ക് തുണപോയ സ്‌നേഹമൃഗം മഞ്ഞുമലയിലും സഹയാത്രികന്‍ തന്നെ!.

You must be logged in to post a comment Login