ബന്ധുനിയമനത്തിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍ കോടിയേരിക്ക് പരാതി നല്‍കി

 

 

kodiyeri_mc

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകരായി നേതാക്കളുടെ ബന്ധുക്കളെയും ഭാര്യമാരെയും നിയമിച്ചത് സംബന്ധിച്ച് രേഖാമൂലം പരാതിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍. പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി ജോസഫൈന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ പരാതിയില്‍ പറയുന്നു.

അഭിഭാഷക സ്ഥാനങ്ങള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും ഭാര്യമാരും കൈയ്യടക്കി. ഇത് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതിന് ഇടയാക്കിയെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും എഴുതി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഹൈക്കോടതിയിലെ അഭിഭാഷക നിയമനം സംബന്ധിച്ച് ജോസഫൈന്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു. അങ്കമാലിയിലെ ഒരു പ്രമുഖ അഭിഭാഷകയെ സര്‍ക്കാര്‍ അഭിഭാഷകയായി നിയമിക്കണമെന്ന് ജോസഫൈന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയും കോണ്‍ഗ്രസ് അനുഭാവമുള്ള മറ്റൊരു അഭിഭാഷകയെ നിയമിക്കുകയും ചെയ്തതായാണ് സൂചന.

സാധാരണ പ്രവര്‍ത്തകരെ തഴഞ്ഞ് എറണാകുളം ജില്ലയിലെ പല നേതാക്കളുടെയും ഭാര്യമാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ നിയമനം നല്‍കിയതായി ജില്ലാ ഘടകങ്ങളില്‍നിന്ന് പരാതി ഉയരുന്നുണ്ട്. ടെല്‍ക് ചെയര്‍മാനാവുന്ന എന്‍.സി മോഹനന്റെ ഭാര്യ രേഖ സി.നായരെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകയാക്കുന്നതിനെതിരെ പെരുമ്പാവൂരില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

You must be logged in to post a comment Login