ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രണ്ട് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍

തിരുവല്ല: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള വൈദികര്‍ക്ക് ജാമ്യമില്ല. ഫാ.ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ അറിയിച്ചു.

അതേസമയം കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ട് ഓർത്തോഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി രഹസ്യവാദം കേൾക്കും. കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് വാദം തുടങ്ങുക. രഹസ്യവാദമായതിനാൽ തന്നെ വൈദികരുടേയും സർക്കാരിന്റേയും അഭിഭാഷകർ മാത്രമായിരിക്കും കോടതിക്കുള്ളിൽ ഉണ്ടായിരിക്കുക.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇന്ന് ഹർജി പരിഗണിക്കുന്നത് വരെ നപടികളെടുക്കരുതെന്ന് ജസ്റ്റിസുമാരായ സിക്രിയും അശോക് ഭൂഷണുമടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ്.

യുവതിയുടെ വാദങ്ങൾ മുഖവിലക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് വൈദികരുടെ വാദം. മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ.ജോർജിന്റെ ജാമ്യഹർജിയിൽ പറയുന്നു. പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login