ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടത് പണവും സ്വാധീനവും ഉപയോഗിച്ച്; വിമർശനവുമായി വനിതാ ഫുട്ബോൾ താരം

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ ഫുട്ബോൾ താരം. അമേരിക്കൻ ദേശീയ ടീം ക്യാപ്റ്റൻ അലക്സ് മോർഗനാണ് ക്രിസ്ത്യാനോയ്ക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തു വന്നത്. പണവും സ്വാധീനവും ഉപയോഗിച്ചാണ് ക്രിസ്ത്യാനോ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് മോർഗൻ്റെ ആരോപണം.

‘പണവും സ്വാധീനവുമാണ് ക്രിസ്ത്യാനോയെ രക്ഷപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ പീഡനപരാതിയില്‍ അടക്കം അയാൾക്കെതിരെ ഉണ്ടായിരുന്നു. കൈനിറയെ പണമുള്ളതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. ക്രിമിനല്‍ കേസുകളും ഒഴിവായി. വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടേണ്ട സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്’- മോർഗൻ പറഞ്ഞു.

ഈ മാസം മിലാനിൽ വെച്ച് നടക്കുന്ന ഫിഫ ബെസ്റ്റ് പുരസ്‌കാര വേദിയില്‍ ഇരുവരും സംബന്ധിക്കുന്നുണ്ട്. അവിടെ പങ്കെടുക്കുന്ന മറ്റേതൊരു താരത്തെയും പോലെ മാത്രമേ താന്‍ റൊണാള്‍ഡോയെയും കാണുന്നുള്ളുവെന്നും മോർഗൻ പറയുന്നു.

മുൻപും ക്രിസ്ത്യാനോയ്ക്കെതിരെ രംഗത്തു വന്നിട്ടുള്ളയാളാണ് അലക്സ് മോർഗൻ. കഴിഞ്ഞ ജൂലായ് 22ന് അലക്‌സ് ട്വീറ്റ് ചെയ്ത ഒരു വാര്‍ത്ത ലിങ്ക് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സ്‌പോര്‍ട്‌സ് അഴിമതിയുടെ ഐക്കണ്‍ റൊണാള്‍ഡോ ആണെന്ന തലക്കെട്ടിലുള്ള ലിങ്കാണ് വനിതാ താരം ഷെയര്‍ ചെയ്തത്. ഇത് വളരെ മികച്ച മാധ്യമപ്രവർത്തനമാണെന്ന അടിക്കുറിപ്പോടെ നടത്തിയ ട്വീറ്റ് വലിയ ചർച്ചയായിരുന്നു.

You must be logged in to post a comment Login