ബലാത്സംഗ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവം; കേന്ദ്രം റിപ്പോര്‍ട്ട് തേടി

തെലങ്കാനയില്‍ ബലാത്സംഗ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഏറ്റുമുട്ടല്‍ വിഷയം ഉന്നയിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമത്തിന് നിയമമാര്‍ഗത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം സഭാ നടപടികള്‍ തടസപ്പെടുത്തി.

ഹൈദരാബാദില്‍ നടന്നത് എന്താണെന്നും യഥാര്‍ത്ഥ വസ്തുത അറിയണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്ത്രീകള്‍ക്ക് എതിരായ ആക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ഇത് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ സമീപനത്തിലുള്ള അലംഭാവം കൊണ്ടാണെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

ഭരണപക്ഷത്തിന് വേണ്ടി സ്മൃതി ഇറാനിയാണ് സഭയില്‍ പ്രതികരിച്ചത്. ബംഗാളിലടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ സ്മ്യതി ഇറാനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പക വിട്ടാന്‍ സ്ത്രീകളെ ആക്രമിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.

സ്മൃതി ഇറാനിയുടെ പരാമര്‍ശം ലോകസഭയെ പ്രക്ഷുബ്ദമാക്കി. തുടര്‍ന്ന് സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു. തെലങ്കാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രനിലപാട് വ്യക്തമാക്കും എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

You must be logged in to post a comment Login