ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യില്ല; ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിന് ശേഷം; കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘം കന്യാസ്ത്രീയുടെ കുടുംബാംഗമായ വൈദികനില്‍ നിന്ന് മൊഴിയെടുക്കും. അമൃതസറിലെത്തിയാണ് വൈദികനില്‍ നിന്ന് മൊഴിയെടുക്കുക.  വിശദമായ തെളിവെടുപ്പിന് ശേഷം മാത്രമെ ബിഷപ്പിനെ ചോദ്യം ചെയ്യുകയുള്ളുവെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് അറിയിച്ചു. അതേസമയം, പാസ്റ്ററല്‍ സെന്ററിലെ തെളിവ് ശേഖരണവും മൊഴിയെടുക്കലും പൂര്‍ത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കലിനെ പഞ്ചാബ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. നിലവില്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനമില്ലെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി ലഭിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ജലന്ധര്‍ രൂപതയില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.

ബിഷപ്പിനെതിരെ  കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീകള്‍ക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.  കൂടാതെ അമ്പത് ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും.

ജലന്ധര്‍ സൈനിക താവളത്തിനടുത്തുള്ള മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്തെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തത്. ഇതിന് മുമ്പ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, സിസ്റ്റര്‍മാരായ മരിയ, അമല, വെര്‍ജീന എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉജ്ജയിന്‍ ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് റിപ്പോര്‍ട്ട്. കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നല്‍കിയില്ലെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. കര്‍ദിനാളിനെ നേരിട്ട് കാണണമെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നായിരുന്നു ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്.

ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കന്യാസ്ത്രീ  പരാതി നല്‍കിയിരുന്നതെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴിനല്‍കിയിരുന്നത്. ഈ പരാതി നേരിട്ടും രേഖാമൂലവും നല്‍കിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു.

പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയില്‍ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിന്‍ ബിഷപ്പിനെ സമീപിച്ചത്.

ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയരുന്നു. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

You must be logged in to post a comment Login