ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും; 2000ത്തോളം തൊഴിലവസരങ്ങള്‍

 

ബഹ്‌റൈന്‍: രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കാന്‍ ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി നടപ്പില്‍ വരുന്നു. ഈ വര്‍ഷവസാനത്തോടു കൂടി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബഹ്‌റൈനിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയില്‍ ശൃംഖലയുടെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പുതിയ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. ബഹ്‌റൈന്‍ ജനത പ്രതീക്ഷയോടെ നോക്കിക്കാണുന്ന മെട്രോ ട്രെയിന്‍ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കുന്ന പദ്ധതിയില്‍ 20 മെട്രോ സ്റ്റേഷനുകളുണ്ടാകും.

അത്യാധുനിക ഡ്രൈവര്‍ രഹിത ഇലക്ട്രിക് മെട്രോ ട്രെയിന്‍ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയില്‍ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പില്‍ വരുക. മെട്രോ ട്രെയിന്‍ ചീറിപ്പായുന്നതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും നിലവില്‍ വരിക

You must be logged in to post a comment Login