ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക്

rbi

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍. ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പരിഹരിക്കുന്നതിന് പ്രായോഗിക നടപടി സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥന്റെ പ്രതികരണം.

പൊതുമേഖല ബാങ്കുകളുടെ സാമ്പത്തികനിലയെ ഗുരുതരമായി ബാധിക്കുന്ന കിട്ടാക്കടവിഷയത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. നിര്‍ദിഷ്ട സമയപരിധിക്കുളളില്‍ കിട്ടാക്കടം എല്ലാം പരിഹരിച്ച് വരവുചെലവ് കണക്കുകള്‍ ശുദ്ധീകരിക്കാന്‍ രഘുറാം രാജന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. ഇതിന്റെ പ്രതിഫലനമെന്നോണം കിട്ടാക്കടം പരിഹരിക്കാന്‍ പ്രൊവിഷന്‍ എന്ന നിലയില്‍ ഒരു നിശ്ചിത തുക ബാങ്കുകള്‍ നീക്കിവെയ്ക്കുകയും ചെയ്തു. ഈ പ്രക്രിയ കര്‍ശനമായി പാലിച്ചുവരുന്നതിനിടെ വ്യത്യസ്തമായ നിലപാടുമായി ഒക്ടോബറില്‍ നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു.

കിട്ടാക്കടം പരിഹരിക്കുന്ന വിഷയത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും, നടപടികളില്‍ പ്രായോഗിക സമീപനം സ്വീകരിക്കുമെന്നായിരുന്നു ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം. വായ്പ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ വിപണിയില്‍ വായ്പ ലഭ്യത ഉറപ്പുവരുത്തുമെന്നും ഊര്‍ജിത് പട്ടേല്‍ വാഗ്ദാനം നല്‍കി. ഇതിന് പിന്നാലെയാണ് ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ വ്യക്തമാക്കിയത്. നിലവില്‍ ബാങ്കുകളുടെ ദുര്‍ബല ആസ്തി കുറഞ്ഞുവരുന്നത് പ്രകടമായി തുടങ്ങി. ഇത് ബാങ്കിങ് മേഖലയിലെല്ലാം പ്രതിഫലിച്ചു തുടങ്ങിയതായും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളുടെ ദുര്‍ബല ആസ്തി മൊത്തം വായ്പയുടെ 12 ശതമാനമായി ഉയര്‍ന്നതായി മറ്റൊരു ഡെപ്യൂട്ടി ഗവര്‍ണറായ എസ് എസ് മുന്ദ്ര ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 8.7 ശതമാനമായി ഉയര്‍ന്നു വെന്ന മുന്ദ്രയുടെ വാക്കുകള്‍ ഇന്ത്യയുടെ സാമ്പത്തിക ലോകം ആശങ്കയോടെയാണ് കേട്ടത്. നിലവില്‍ അടിസ്ഥാന സൗകര്യവികസന മേഖലയുടെ പേരിലുളള കിട്ടാക്കടമാണ് ബാങ്കുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. മൊത്തം വായ്പയുടെ 16 ശതമാനം മുതല്‍ 17 ശതമാനം വരെ വരും അടിസ്ഥാന സൗകര്യവികസനമേഖലയുടെ കിട്ടാക്കടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login