ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

മുംബൈ: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുന്നു. എസ്.ബി.ഐ, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂനിയന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.  കേസില്‍ ബാങ്കിന്റെ മുന്‍ സി.എം.ഡിയായ സുഷീല്‍ മുനോട്ടും അറസ്റ്റിലായിട്ടുണ്ട്. ഡി.എസ്.കെ ഗ്രൂപ്പിന് രഹസ്യധാരണയിലൂടെ വായ്പ അനുവദിച്ചെന്നാണ് കേസ്. വഞ്ചനാക്കുറ്റമടക്കം ചാര്‍ത്തിയാണ് അറസ്റ്റ്.

പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാവ് ഡി.എസ് കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. 4000 നിക്ഷേപകരെ പറ്റിച്ച് 1,154 കോടി രൂപ തട്ടിയതിനും 2,892 കോടി രൂപയുടെ ബാങ്ക് വായ്പ തിരിമറി നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുല്‍ക്കര്‍ണിയുടെ 124 സ്വത്തുക്കളും 276 ബാങ്ക് അക്കൗണ്ടുകളും 46 വാഹനങ്ങളും കണ്ടുകെട്ടാന്‍ കഴിഞ്ഞമാസം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

You must be logged in to post a comment Login