ബാങ്ക് ലയനം; 27ന് ബാങ്ക് പണിമുടക്ക്

ഈ മാസം 27ാം തിയതി അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ബാങ്ക് ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളുട നേതൃത്വത്തില്‍ സമരം നടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും.

പത്ത് ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കുക, ലയനം വഴി ആറ് ബാങ്കുകൾ അടച്ച് പൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക, ജന വിരുദ്ധമായ ബാങ്കിംഗ് പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക, വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടക്കാൻ കർശന നടപടി സ്വീകരിക്കുക, നിക്ഷേപ പലിശ ഉയർത്തുക, സർവീസ് ചാർജുകൾ കുറക്കുക എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

ഇന്നലെയാണ് പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. തീരുമാനം അടുത്ത മാസം ഒന്ന് മുതൽ പ്രബല്യത്തിൽ വരും. കഴിഞ്ഞ ആഗസ്ത് 30ന് ആയിരുന്നു ലയനം പ്രഖ്യാപിച്ചത്. സിൻഡിക്കേറ്റ് ബാങ്കിനെ കാനറാ ബാങ്കുമായും അലഹാബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കുമായും ലയിപ്പിക്കും. ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ കൂട്ടിച്ചേർക്കും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലും ലയിപ്പിക്കും.

You must be logged in to post a comment Login