ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നൊരു പ്രണയക്കഥ; അവര്‍ വിവാഹിതരാകുന്നു

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് മത്സരത്തിന്റെ ആവേശത്തിന് പുറമെ ഒരു പ്രണയക്കഥയും പുറത്തു വരുന്നു. കോര്‍ട്ടില്‍ നിന്ന് മത്സര വീര്യം മാറ്റിവെച്ച് അവര്‍ വിവാഹവേദിയിലേക്ക് കൈപിടിച്ചു കയറാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), പി.കശ്യപ് (32) എന്നിവരാണ് ഒരു പുതിയ ജീവിതത്തിന് തുടക്കമിടുന്നത്. ഡിസംബര്‍ 16 ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സല്‍ക്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനിടെ ബന്ധം ശക്തമായി.

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ സ്വര്‍ണം നേടിയതോടെ തന്റെ ജീവിതത്തില്‍ കശ്യപിനുള്ള പങ്ക് സൈന പൊതുവേദിയില്‍ അംഗീകരിച്ചു. ടൂര്‍ണമെന്റില്‍ തന്നെ കശ്യപ് എത്രത്തോളം പ്രചോദിപ്പിച്ചു എന്ന് സൈന ആദ്യമായി തുറന്ന് പറഞ്ഞതും അന്നായിരുന്നു. 2014ല്‍ ഗോപീചന്ദുമായി പിണങ്ങിയതിനെ തുടര്‍ന്ന് സൈന ബെംഗളൂരുവില്‍ വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. അപ്പോഴും കൃത്യമായ ഇടവേളകളില്‍ കശ്യപ് സൈനയെ കാണാന്‍ ബംഗളൂരുവില്‍ എത്തിയിരുന്നു.

കശ്യപുമായി ഒന്നിക്കുന്നതിന് വേണ്ടികൂടിയാണ് സൈന ഹൈദരാബാദിലേക്ക് മടങ്ങിയതെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന, ലോകചാംപ്യന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്.

You must be logged in to post a comment Login